Sorry, you need to enable JavaScript to visit this website.

ഇവരാണ് വിമാനത്തിൽ പ്രസവമെടുത്ത 'എയർ ഇന്ത്യ ലേബർ ടീം'

കൊച്ചി : ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടിയിൽ എയർ ഇന്ത്യ വിമാനത്തിൽ യുവതിയുടെ പ്രസവമെടുത്ത ഡോ. ഇൻഷാദ് ഇബ്രാഹിമും സംഘവും ഇപ്പോൾ 'എയർ ഇന്ത്യയുടെ ലേബർ ടീം' ആണ്. കഴിഞ്ഞ ദിവസം വിമാനത്തിൽ പ്രസവിച്ച സിമി മരിയ ഫിലിപ്പ് എന്ന മലയാളി യുവതി ഇപ്പോൾ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലാണുള്ളത്. അവരുടെ ആരോഗ്യ കാര്യങ്ങൾ തുടർച്ചയായി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഡോ. ഇൻഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘം 'എയർ ഇന്ത്യ ലേബർ ടീം ' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മക്ക് രൂപം നൽകിയിട്ടുള്ളത്.

വിമാനത്തിൽ തന്റെ പ്രസവമെടുത്ത  എറണാകുളം കുന്നുകര സ്വദേശിയായ ഡോ. ഇർഷാദ് ഇബ്രാഹിമിനെയും സംഘത്തെയും ദൈവദൂതൻമാരായാണ് സിമി മരിയ ഫിലിപ്പും കുടുംബവും കാണുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് സിമി വിമാനത്തിൽ പ്രസവിച്ചത്. ആദ്യ പ്രസവത്തിലെ കുഞ്ഞ് ജനിച്ച് ഒരാഴ്ചക്കകം മരിച്ചു പോയതിന്റെ വിഷമം ഉള്ളിലൊതുക്കിയാണ് സിമി രണ്ടാമത്തെ പ്രസവത്തിനായി നാട്ടിലേക്ക് തിരിച്ചത്.

വെയ്ൽസിലെ റെക്‌സാം മൈലർ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇൻഷാദ് കുടുംബവുമായി നാട്ടിലേക്കു വരുമ്പോഴാണ് വിമാനത്തിലെ പിറവിയിൽ ഒരു നിയോഗംപോലെ ഉൾപ്പെടുന്നത്. വിമാനം പറന്നുയർന്ന് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സിമിയുടെ ഗർഭപാത്രത്തിലെ വെള്ളം പൊട്ടിയൊഴുകിയതെന്ന്  ഡോ.ഇൻഷാദ് പറയുന്നു. വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറായ റിച്ച ഫിലിപ്പും നഴ്‌സ് ലീല ബേബിയുമാണ് സിമിയെ ആദ്യം പരിചരിച്ചത്. പിന്നീട്  വിമാനത്തിലെ ഫുഡ് ഏരിയയുടെ തറയിൽ പുതപ്പുവിരിച്ച് കിടത്തിയാണ് ഡോ. ഇൻഷാദിന്റെ നേതൃത്വത്തിൽ പ്രസവമെടുക്കുന്നതിനുള്ള കാര്യങ്ങൾ തുടങ്ങിയത്.

കുട്ടിയുടെ തല വേഗത്തിൽ പുറത്തേക്കുവന്നെങ്കിലും അനക്കം കുറവായിരുന്നു. കുട്ടി കരയാതിരുന്നതോടെ ഞങ്ങളുടെ ടെൻഷൻ കൂടി. കുഞ്ഞിന്റെ പുറത്തും മുഖത്തും അൽപ്പനേരം ഞാൻ മൃദുവായി തട്ടിയശേഷമാണ് അവൻ ആദ്യമായി കരഞ്ഞത്. അതോടെ കുറച്ച് ആശ്വാസമായി. പിന്നീട് പൊക്കിൾക്കൊടി ബന്ധം മുറിക്കാനുള്ള കത്രികയ്ക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നു- വിമാനത്തിൽ സംഭവിച്ച കാര്യങ്ങൾ ഡോ. ഇൻഷാദ് പറയുന്നു. 

മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്ന യാത്രികരായ മറിയാമ്മ, സ്‌റ്റൈഫി, പ്രതീഷ്, ജൈസൺ എന്നീ മലയാളികളും വിമാനത്തിൽ ഡോക്ടറുടെ സഹായികളായി. മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് അടിയന്തിര ആശുപത്രി സേവനം ലഭിച്ചില്ലെങ്കിൽ മരണപ്പെടാൻ സാധ്യതയുള്ളതിനാൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ആശങ്കയിലായി. 

വിമാനം കൊച്ചിയിൽ എത്തണമെങ്കിൽ എഴ് മണിക്കൂർ നേരമെങ്കിലും വേണം. കുഞ്ഞിനെ ആശുപ്രതിയിലെത്തിക്കാൻ അത്രയും സമയം എടുക്കാനാകില്ല. ഇത് സംബന്ധിച്ച് ഡോ. ഇൻഷാദ്  പൈലറ്റുമായി സംസാരിക്കുകയും രണ്ട് മണിക്കൂർ കൊണ്ട് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്താൻ കഴിയുമെന്ന വിവരം ലഭിക്കുകയുമായിരുന്നു. പൈലറ്റിന്റെ നേത്യത്വത്തിൽ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. വിമാനം ലാന്റ് ചെയ്ത ഉടൻ തന്നെ അവിടെ കാത്തു നിന്ന ആംബുലൻസിൽ സിമിയെയും കുഞ്ഞിനെയും ആശുപ്രതിയിലെത്തിക്കുകയായിരുന്നു. 

അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു. കുഞ്ഞിന് 'ഷോൺ'  എന്ന് പേരിട്ടതായി സിമി  ഫോണിൽ വിളിച്ച് ഡോ. ഇൻഷാദിനെ അറിയിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ വിവരങ്ങൾ ' എയർ ഇന്ത്യ ലേബർ ടീം ' വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ഡോക്ടറുമായി സിമിയുടെ കുടുംബം നിരന്തരം പങ്കുവെക്കുന്നുണ്ട്. 


 

Latest News