Sorry, you need to enable JavaScript to visit this website.

കേഡർ പാർട്ടിയാകാൻ കർമപരിപാടിക്ക് രൂപം നൽകി കേരള കോൺഗ്രസ് എം 

  •  ജന്മദിന സമ്മേളനം സമാപിച്ചു 

കോട്ടയം- കേരള കോൺഗ്രസ് എം കേഡർ പാർട്ടിയാകുന്നതിനുള്ള കർമപരിപാടിക്ക് രൂപം നൽകി ജന്മദിന സമ്മേളനം സമാപിച്ചു. ഇടതുമുന്നണി പ്രവേശനം ശരിയായ തീരുമാനമാണെന്ന് ആവർത്തിച്ച യോഗം പാർട്ടിയിലേക്ക് എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതിന് ദ്വിതല അംഗത്വം പ്രഖ്യാപിച്ചു. കേരള കോൺഗ്രസിന്റെ 58-ാം ജന്മദിനത്തിൽ കോട്ടയത്ത് ചേർന്ന മുഴുവൻ സമയ സ്റ്റിയറിംഗ് കമ്മിറ്റിയാണ് പാർട്ടിയിൽ സമഗ്രമാറ്റത്തിനുള്ള കർമപരിപാടി അംഗീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കാൻ കഴിഞ്ഞ കേരളാ കോൺഗ്രസ് (എം) പാർട്ടി പ്രവർത്തനത്തിന്റെ ശൈലിയിലും സംഘടനാ ചട്ടക്കൂടിന്റെ ഘടനയിലും സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ച മിഷൻ 2030 ന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. വാർഡ് തലം മുതൽ സംസ്ഥാനതലം വരെയുള്ള പാർട്ടി ഘടകങ്ങളുടെ തെരഞ്ഞെടുപ്പ് സമയക്രമവും, തെരഞ്ഞെടുപ്പ് ചട്ടങ്ങളും, തെരഞ്ഞെടുപ്പ് രീതികളും ഉൾപ്പെടുത്തിയ വിജ്ഞാപനം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. പാർട്ടി മെമ്പർഷിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പലും, മുൻ എം.എൽ.എ എൻ.പി. വർഗീസിന്റെ ചെറുമകനുമായ പ്രൊഫ. മാത്യു കോരക്ക് നൽകി ചെയർമാൻ ജോസ് കെ. മാണി നിർവഹിച്ചു. 
മെമ്പർഷിപ്പ് പ്രവർത്തനം നവംബർ 25 ന് സംസ്ഥാന അടിസ്ഥാനത്തിൽ പൂർത്തീകരിക്കും. കേരളാ കോൺഗ്രസ് (എം) ന്റെ ചരിത്രത്തിൽ ആദ്യമായി സജീവ അംഗത്വത്തിന് ഒപ്പം ഏർപ്പെടുത്തിയ ഓൺലൈൻ അംഗത്വ വിതരണത്തിനും ജന്മദിനത്തിൽ തുടക്കം കുറിച്ചു. ഇതിനായി പ്രത്യേകം തയാറാക്കിയ www.kcmmembership.com എന്ന വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി. ഡിസംബർ രണ്ടിന് വാർഡ് തലത്തിൽ ആരംഭിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 26 ലെ സംസ്ഥാന തെരഞ്ഞെടുപ്പോട് കൂടി പൂർത്തീകരിക്കും. പാർട്ടി മുഖപത്രമായ പ്രതിഛായയുടെ പ്രത്യേക ജന്മദിന പതിപ്പ് ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സജ്ജമായി.
കേരളത്തിലാകെ 7500 ലേറെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഇരുവർണ പതാക ഉയർത്തി. കേരളത്തിലെ വിവിധ ജില്ലകളിലും, പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാനങ്ങളിലും നടന്ന പതാക ഉയർത്തൽ ചടങ്ങ് ഗൂഗിൾ എർത്തിലെ പബ്ലിക്ക് ഇവന്റ്‌സ് സംവിധാനത്തിലൂടെ സൈബർ ലോകത്ത് പങ്കുവെച്ചത് ശ്രദ്ധേയമായി. 
കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങും കേരളാ കോൺഗ്രസിൽ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനശൈലീ മാറ്റം പ്രതിഫലിപ്പിക്കുന്നതായിരുന്നു. യൂനിഫോം ധരിച്ച യൂത്ത് ഫ്രണ്ട് വളണ്ടിയർമാരാണ് നേതാക്കളെ വേദിയിലേക്ക് ആനയിച്ചത്. വളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം ചെയർമാൻ ജോസ് കെ. മാണി പതാക ഉയർത്തി.
മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ എം.പി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, തോമസ് ജോസഫ്, ബാബു ജോസഫ്, എം.എം. ഫ്രാൻസിസ്, വി.വി. ജോഷി, ജോസ് ടോം, എലിസബത്ത് മാമ്മൻ മത്തായി, മുഹമ്മദ് ഇഖ്ബാൽ, അലക്‌സ് കോഴിമല, അഡ്വ. ജോസ് ജോസഫ്, നിർമ്മല ജിമ്മി, ബെന്നി കക്കാട്, സഖറിയാസ് കുതിരവേലി, ചെറിയാൻ പോളച്ചിറക്കൽ, വിജി എം. തോമസ്, ഉഷാലയം ശിവരാജൻ, എൻ.എം. രാജു, സഹായദാസ്, വഴുതാനത്ത് ബാലചന്ദ്രൻ, വി.സി. ഫ്രാൻസിസ്, ജോസ് പാലത്തിനാൽ, കുശലകുമാർ, കെ.ജെ. ദേവസ്യ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോയി കൊന്നക്കൻ, ജോണി പുല്ലംന്താനി, ടി.എം. ജോസഫ്, സാജൻ തൊടുക, ജോസ് പുത്തൻകാലാ, റെജി കുന്നംകോട്, അബേഷ് അലോഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു.

Latest News