ദോഹ- അഫ്ഗാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കരുതെന്ന് അമേരിക്കക്ക് താലിബാന്റെ മുന്നറിയിപ്പ്. അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് പ്രതിനിധി ടോം വെസ്റ്റുമായി നടത്തിയ ചർച്ചയിലാണ് താലിബാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയാണ് മുന്നറിയിപ്പ് നൽകിയതെന്ന് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ആരു ശ്രമിച്ചാലും അവർക്ക് നല്ലതാകില്ലെന്ന് കൃത്യമായി അമേരിക്കയോട് പറഞ്ഞിട്ടുണ്ടെന്ന് അമീർ ഖാൻ മുത്തഖി വ്യക്തമാക്കി. അഫ്ഗാനുമായി നല്ല ബന്ധമുണ്ടാക്കുന്നതാണ് എല്ലാവർക്കും നല്ലത്. നിലവിലുള്ള സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ അത് എല്ലാവർക്കും ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ രണ്ടു ദിവസത്തെ ചർച്ചക്ക് ശേഷമാണ് താലിബാൻ പ്രതിനിധി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് അമേരിക്കയുടെ പ്രസ്താവന പുറത്തുവന്നിട്ടില്ല.