കണ്ണൂർ- പുതിയതെരുവിനടുത്ത് വാടക ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന പെൺവാണിഭ സംഘത്തിലെ യുവതികളടക്കം ഏഴ് പേരെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഈ അടുത്ത കാലത്താണ് പുതിയതെരു നീരൊഴുക്കുംചാലിലെ വീട് കേന്ദ്രീകരിച്ചു പെൺവാണിഭം തുടങ്ങിയത്.
ചിറക്കൽ സ്വദേശി പ്രകാശൻ (69), മയ്യിൽ സ്വദേശി മധുസൂദനൻ (67), പാമ്പുരുത്തി സ്വദേശി നൂറുദ്ദീൻ(30) എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാർ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തലശ്ശേരി, പുതിയതെരു സ്വദേശിനികളായ നാല് യുവതികളേയും വീട്ടുടമയെയും രണ്ടു യുവാക്കളെയുമാണ് പോലീസ് റെയ്ഡ് നടത്തി പിടികൂടിയതെന്നു അസി. കമ്മീഷണർ പി.പി സാദാനന്ദൻ അറിയിച്ചു. പുതിയ നിയമ പ്രകാരം യുവതികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സ്ത്രീകളുടെ പേരും മറ്റു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. അറസ്റ്റിലായ മൂന്ന് പ്രതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.