അബഹ - സൗദിയിലെ പൊതുനിരത്തുകൡനിന്ന് വീഡിയോ ചിത്രീകരിക്കുന്നവർ ശ്രദ്ധിക്കുക. ഏത് നിമിഷവും പോലീസ് നിങ്ങളെ പിടികൂടിയേക്കാം. പൊതുസ്ഥലങ്ങളിൽനിന്ന് സെൽഫിയും മറ്റും എടുക്കുന്നതിൽ മലയാളികൾ അടക്കമുള്ളവർ വലിയ താൽപര്യമാണ് കാണിക്കാറുള്ളത്. എന്നാൽ, ഇത്തരം സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിന് വിലക്കുണ്ട്. പതിനായിരത്തോളം റിയാൽ പിഴയാണ് ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ അടക്കേണ്ടി വരിക.
കഴിഞ്ഞദവസം, മഹായിൽ അസീറിലെ അൽദർസ് ഡിസ്ട്രിക്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്‌കാരത്തിനിടെ ജുമാമസ്ജിദിനു സമീപം നിയോഗിക്കപ്പെട്ട പട്രോൾ പോലീസ് വാഹനവും മസ്ജിദും പള്ളിയിൽ എത്തിയ വിശ്വാസികളുടെ കാറുകളും ചിത്രീകരിച്ച മൊറോക്കൊൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതുകാരൻ പോലീസ് വാഹനവും മറ്റും ചിത്രീകരിക്കുന്നതിനുള്ള കാരണം ദുരൂഹമാണ്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് യുവാവിനെ അറസ്റ്റ് ചെയ്ത കാര്യം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് ഉപയോഗിച്ച് അതിസാഹസികമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അൽജൗഫ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. വാഹനം നിർത്തുന്നതിനുള്ള നിർദേശം അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതിന് യുവാവിനെതിരായ കേസ്, ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന അതോറിറ്റിക്ക് കൈമാറി.
വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് ആദ്യ തവണ ഇരുപതിനായിരം റിയാൽ പിഴയും 15 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കലും രണ്ടാം തവണ നാൽപതിനായിരം റിയാൽ പിഴയും ഒരു മാസത്തേക്ക് വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കലും മൂന്നാം തവണ അറുപതിനായിരം റിയാൽ പിഴയും ലഭിക്കും. മൂന്നു സാഹചര്യങ്ങളിലും തടവു ശിക്ഷ വിധിക്കുന്നതിന് ഇത്തരക്കാർക്കെതിരായ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും. മൂന്നാമതും നിയമ ലംഘനം നടത്തി കുടുങ്ങുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.