തൃശൂർ - ഒരു വർഷത്തിലേറെയായി അകന്നു താമസിക്കുന്ന ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ ഭാര്യയുടെ ക്വട്ടേഷൻ. ഭർത്താവിന്റെ വീട്ടിൽ രഹസ്യമായി കഞ്ചാവു വയ്ക്കാനും ഭർത്താവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിക്കാനും ക്വട്ടേഷൻ നൽകിയ നെടുപുഴ കുണ്ടക്കാട്ടിൽ നയന (29) യെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിന് സമീപം താമസിക്കുന്നയാൾക്ക് ഫോൺ സന്ദേശം വഴിയാണു നയന ക്വട്ടേഷൻ നൽകിയത്. സന്ദേശം കൈമാറിക്കിട്ടിയ ഭർത്താവ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുപുഴ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
10 വർഷമായി വിവാഹം കഴിഞ്ഞ ഇരുവരും ഒരു വർഷത്തിലേറെയായി അകൽച്ചയിലാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. വിവാഹം ബന്ധം വേർപെടുത്തുന്നതിനായി കുടുംബ കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി ജയിലടയ്ക്കാൻ ക്വട്ടേഷൻ നൽകിയത്. മക്കൾ മൂന്നുപേരും അച്ഛനൊപ്പമാണ് താമസം.