തൃശൂർ - കോലഴിക്കടുത്ത് തിരൂരിൽ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം. കനറാ ബാങ്കിന്റെ തിരൂരിലുള്ള മുളങ്കുന്നത്തുകാവ് ശാഖയുടെ എ.ടി.എമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷിൻ തുറക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനെത്തിയ പത്ര ഏജൻറ് കൗണ്ടറിനകത്ത് കടന്നപ്പോൾ എന്തോ കത്തിയതിന്റെ മണം ലഭിച്ചതിനെ തുടർന്ന് നോക്കിയപ്പോൾ എ.ടി.എം മെഷിനിൽ കരിഞ്ഞ പാടും കൗണ്ടറിനു സമീപം കട്ടർ മെഷിനും കണ്ടു. സംശയം തോന്നിയ ഇയാൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബാങ്കിനു മുന്നിലെ സി.സി ടി.വി ക്യാമറയിൽ ഹെൽമെറ്റും റെയിൻകോട്ടും മാസ്‌കും ധരിച്ച ഒരാൾ പുലർച്ചെ രണ്ടേമുക്കാലിന് എ.ടി.എം കൗണ്ടറിലേക്കു വരുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പിന്നീട് തിരികെ പോയി 3.10ന് തിരികെ വന്ന് സി.സി ടി.വി ക്യാമറയിൽ മോഷ്ടാവ് സ്‌പ്രെ അടിച്ച് ക്യാമറ കേടാക്കാനും ശ്രമിച്ചിട്ടുണ്ട്. തുടർന്നാണ് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞുകൊണ്ടുവന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷിൻ പൊളിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇതിനിടെ പുറത്ത് ആളനക്കം ഉണ്ടായപ്പോൾ ഇയാൾ പുറത്തിറങ്ങി പതുങ്ങിയിരിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. എ.ടി.എം കൗണ്ടറിൽ പണമെടുക്കാനെത്തിയ പത്ര ഏജൻറിന് സംശയം തോന്നിയെന്ന് മനസിലായതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നുവെന്ന് കരുതുന്നു. എ.ടി.എം കൗണ്ടറിനോടു ചേർന്നാണ് ബാങ്കും പ്രവർത്തിക്കുന്നത്. ഇവിടെ സുരക്ഷ ജീവനക്കാരില്ലാത്തത് മോഷ്ടാവിന് ഗുണമായി.
തൃശൂർ സിറ്റി പോലിസ് അസി.കമ്മിഷണർ വി.കെ.രാജു, കൺട്രോൾ റൂം എസ്.എച്ച്.ഒ ശൈലശ് കുമാർ, മെഡിക്കൽ കോളജ് എസ്.ഐ സുഭാഷ്, വിരലടയാള വിദഗ്ദർ, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.മോഷ്ടാവ് എത്തിയത് ഇന്നോവ കാറിലാണെന്ന് സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് മനസിലായിട്ടുണ്ട്. രണ്ടു ചെറിയ ഗ്യാസ് സിലിണ്ടറുകൾ ഇയാളുടെ കൈവശമുണ്ടായിരുന്നു. എ.ടി.എം മെഷിൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷിൻ മുറിക്കാൻ ശ്രമിക്കുമ്പോൾ കൗണ്ടറിലെ വേസ്റ്റ് പേപ്പറുകൾക്ക് തീപിടിച്ചതും മോഷണശ്രമം ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ടെന്ന് പോലസ് സംശയിക്കുന്നു.