നെടുമ്പാശ്ശേരി- ലണ്ടനിൽ നിന്നുള്ള യാത്രാ മദ്ധ്യേ എയർ ഇന്ത്യ വിമാനത്തിൽ പിറന്ന കുഞ്ഞിന് ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തിര പാസ്‌പോർട്ട് അനുവദിച്ചു. ഇപ്പോൾ ജർമനിയിലെ ഫ്രാങ്ക് ഫർട്ടിൽ ആശുപത്രിയിൽ കഴിയുകയാണ് അമ്മയും കുഞ്ഞും. കുഞ്ഞിന് മാതാപിതാക്കൾ ഷോൺ എന്ന പേരും നൽകി. ഈ മാസം അഞ്ചിനാണ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്നും നെടുമ്പാശ്ശേരിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 787 വിമാനത്തിൽ പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഏഴ് മാസം ഗർഭിണിയായിരുന്ന മരിയയക്ക് വിമാനം ലണ്ടനിൽ നിന്ന് പുറപ്പെട്ട് ഏതാനും സമയത്തിനകം പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അധികം താമസിയാതെ വിമാനത്തിൽ തന്നെയുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയുടെയും സഹായത്തോടെ പ്രസവിച്ചു. യുവതിക്കും കുഞ്ഞിനും അടിയന്തിര ചികിൽസ ലഭ്യമാക്കുന്നതിനായി വിമാനം ജർമനിയിലെ ഫ്രാങ്ക് ഫർട്ട് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. മരിയയും കൂടെയുണ്ടായിരുന്ന ഭർത്താവ് ഫിലിപ്പും കുഞ്ഞും ഇവിടെ ഇറങ്ങിയ ശേഷം വിമാനം നെടുമ്പാശ്ശേരിയിലേക്ക് മടങ്ങുകയായിരുന്നു. വനിതാ പൈലറ്റായ ഷോമ സുരറാണ് ഈ സമയം വിമാനം നിയന്ത്രിച്ചിരുന്നത്. ഇന്നലെ ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശുപത്രിയിൽ എത്തി ഷോണിന്റെ എമർജൻസി പാസ്‌പോർട്ട് മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ഇവർ അടുത്ത ദിവസം ഇന്ത്യയിലേക്ക് മടങ്ങും.