കണ്ണൂർ - സംസ്ഥാനത്ത് അന്യായമായി കൈവശം വെച്ചിരിക്കുന്ന മുഴുവൻ വഖഫ് സ്വത്തുക്കളും തിരിച്ചുപിടിക്കുമെന്ന് വഖഫ് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. കണ്ണൂരിൽ വഖഫ് അദാലത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ നടപടിയെടുക്കും. വഖഫിന്റെ സ്വത്തുക്കൾ പൊതു സ്വത്താണ്. അതിനാണ് വഖഫ് സർവ്വെ നടത്തുന്നത്. സർവ്വെ ഏഴ് ജില്ലകളിൽ പൂർത്തിയായി. ബാക്കി ജില്ലകളിൽ സർവ്വെ കമ്മീഷണറായി പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന് ചുമതല നൽകി. സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. വഖഫ് ബോർഡിന് കീഴിൽ വിദ്യാലയങ്ങളോ ആശുപത്രികളോ, ഉന്നത പഠന പരിശീലന കേന്ദ്രങ്ങളോ ഇല്ല. സർക്കാരിന്റെ സഹായമില്ലാതെ സ്വയംപര്യാപ്തമായ രീതിയിൽ പ്രവർത്തിക്കാൻ ബോർഡിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. സ്വത്തുക്കൾ വീണ്ടെടുത്ത് ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഉപകാരപ്പെടുന്ന പല പദ്ധതികളും ആരംഭിക്കാൻ വഖഫ് ബോർഡിന് ആലോചനയുണ്ട്. ഈ മാസം 16 ന് എറണാകുളത്ത് ഇതുമായി ബന്ധപ്പെട്ട ശിൽപ്പശാല സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിശദമായി ചർച്ച ചെയ്യും. - മന്ത്രി വ്യക്തമാക്കി.