ജിസാൻ - ജിസാൻ കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം പത്തായതായി സഖ്യസേന അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ജിസാൻ വിമാനത്താവളത്തിനു നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ഹൂത്തികൾ ആക്രമണം നടത്തിയത്. വിമാനത്താവളത്തിനു നേരെ ഷെല്ലാക്രമണമാണ് ഉണ്ടായതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഡ്രോൺ ആക്രമണമാണുണ്ടായതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പിന്നീട് സ്ഥിരീകരിച്ചു. ആദ്യ ആക്രമണമുണ്ടായി അധിക സമയം കഴിയുന്നതിനു മുമ്പായി ജിസാൻ വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. ഈ ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.
ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരിൽ ആറു പേർ സൗദികളാണ്. ഇവർ യാത്രക്കാരും എയർപോർട്ട് ജീവനക്കാരുമാണ്. എയർപോർട്ട് ജീവനക്കാരായ മൂന്നു ബംഗ്ലാദേശുകാർക്കും ഒരു സുഡാനിക്കും ആക്രമണത്തിൽ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമല്ല. ഡ്രോൺ ആക്രമണത്തിൽ എയർപോർട്ടിന്റെ മുൻവശത്തെ ചില്ലുകൾ തകരുകയും മറ്റു ചില കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സിവിലിയൻ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂത്തികൾ ആക്രമണങ്ങൾ തുടരുകയാണ്. സിവിലിയൻ എയർപോർട്ടിനു നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.