കോഴിക്കോട് : ശരീരം ചലിപ്പിക്കാൻ പോലുമാകാത്തവിധത്തിൽ തീർത്തും അംഗപരിമിതനാണ് ജോൺസൺ. ആരോഗ്യ ശാസ്ത്രത്തിന്റെ കണക്കിൽ പറഞ്ഞാൽ 75 ശതമാനം അംഗപരിമിതൻ. എന്നാൽ കസേരയിൽ മടങ്ങിയിരുന്ന് ജോൺസൺ നിരവധി കണ്ടുപിടുത്തങ്ങളാണ് നടത്തിയത്. അതുകൊണ്ട് തന്നെ ഒരു വിളിപ്പേരും കിട്ടി. പെരുവണ്ണാമൂഴിയിലെ സ്റ്റീഫൻ ഹോക്കിങ്ങ്‌സ്.
എന്നാൽ ജോൺസന് ഇപ്പോൾ ഒരു പ്രശ്‌നം . തന്റെ വരുമാന മാർഗമായ ഒന്നേകാൽ ഏക്കർ തെങ്ങിൻ തോപ്പിലെ തേങ്ങ മുഴുവൻ കുരങ്ങൻമാർ തിന്നാൻ തുടങ്ങിയതോടെ ജീവിക്കാൻ വഴിയില്ലാതായി. എന്നാൽ അങ്ങനെ വിട്ടുകൊടുത്ത് ശീലമുള്ള ആളല്ല ജോൺസൺ. കുരങ്ങൻമാരെ തുരത്തണമെന്നാവശ്യപ്പെട്ട് വീട്ടുമുറ്റത്ത് നിരാഹാരം തുടങ്ങി. ഒന്നോ രണ്ടോ ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിൽ ജീവൻ പോലും അപകടത്തിലാകുന്ന സ്ഥിതിയുള്ള ജോൺസന്റെ സമരം തങ്ങൾക്ക് പുലിവാലാകുമെന്ന് വന്നതോടെ വനം വകുപ്പ് അധികൃതർ എത്തുകയായിരുന്നു.
കുരങ്ങ് ശല്യം എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ഒരു വിധത്തിലാണ് വനം വകുപ്പ് ജോൺസന്റെ സമരം അവസാനിപ്പിച്ചത്. പരിഹരിച്ചില്ലെങ്കിൽ വീണ്ടും നിരാഹാരമെന്നാണ് ജോൺസന്റെ ഭീഷണി.