തൃശ്ശൂർ: മുപ്പത് നിമിഷം ഹൃദയം നിലച്ചതിനെ തുടർന്ന് 26 വർഷം ഓർമ്മ നഷ്ടപ്പെട്ടയാൾ ഒടുവിൽ മരണത്തിന് കീഴടങ്ങി. കോലഴി സ്വദേശി അരവിന്ദാക്ഷനാണ് (55)ഉറ്റവരെപ്പോലും തിരിച്ചറിയാതെ മരണമടഞ്ഞത്. 26 വർഷം മുൻപ് ഖത്തറിൽ വെച്ച് ഷോക്കേറ്റതിനെ തുടർന്ന് 30 നിമിഷത്തോളം ഹൃദയം നിലച്ചു പോയതാണ് അരവിന്ദാക്ഷന്റെ ഓർമ ശക്തി നഷ്‌പ്പെടുത്തിയത്. അരവിന്ദാക്ഷൻ മരിച്ചുവെന്നാണ് ഡോക്ടർമാർ ആദ്യം വിധിയെഴുതിയതെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. തലച്ചോറിലെ ഒരുഭാഗത്തേക്കുള്ള പ്രാണവായു നിലച്ചതാണ് ഓർമ്മകൾ നഷ്ടപ്പെടാനിടയാക്കിയത്.
അരവിന്ദാക്ഷൻ അപകടത്തിൽപ്പെടുമ്പോൾ തൃശ്ശൂർ കോലഴിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഖത്തറിലുണ്ടായിരുന്ന സഹോദരന്മാരാണ് അരവിന്ദാക്ഷനെ ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് തിരിച്ചയച്ചത്.
അരവിന്ദാക്ഷന് അപകടത്തിൽ ഓർമ നഷ്ടമായെന്ന കാര്യം സഹോദരന്മാർ ഭാര്യ മിനിയോട് പറഞ്ഞില്ല. നാട്ടിൽ തിരിച്ചെത്തിയ അരവിന്ദാക്ഷൻ തന്റെ രണ്ട് മക്കളെപ്പോലും തിരിച്ചറിഞ്ഞതുമില്ല. പിന്നീട് തൃശ്ശൂരിൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയപ്പോഴാണ് ഓർമത്തകരാറുള്ളതായി മനസ്സിലായത്. മൂത്തമകൻ മാത്രമേ അരവിന്ദാക്ഷന്റെ ഓർമയിലുള്ളൂ. അതും കുട്ടിയായി. വളർന്നതോടെ അവനെയും തിരിച്ചറിയാനാകാതെയായി. ചികിത്സകൾക്കൊന്നും ഫലമുണ്ടായില്ല. ഒടുവിൽ ഒന്നുമറിയാതെ മരണത്തിന് കീഴടങ്ങി.