റിയാദ്- റിയാദിൽ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയെ സെൻട്രൽ കെ.എം.സി.സി കമ്മിറ്റി മരവിപ്പിച്ച തീരുമാനം ചർച്ചകൾക്ക് ശേഷം മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വം തളളി. സംസ്ഥാന മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഭാരവാഹികളെ ഒഴിവാക്കുന്നതും കമ്മിറ്റികളുടെ പ്രവർത്തനം മരവിപ്പിക്കുന്നതും സമാന്തര കമ്മിറ്റികൾ ഉണ്ടാക്കുന്നതും ഭരണഘടന വിരുദ്ധമാണെന്നും ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ഇത് സംബന്ധിച്ച് ചേർന്ന യോഗം ഓർമിപ്പിച്ചു.
ജനുവരി 30 ന് മുമ്പായി മെമ്പർഷിപ് പ്രവർത്തനം പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ മലപ്പുറം ജില്ല കമ്മിറ്റിയെ പൂർണമായും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് വേണ്ടതെന്നും മുസ്്‌ലിം ലീഗ് നേതൃത്വം നിർദേശിച്ചു. ഏരിയ കമ്മിറ്റികളുടെ രൂപീകരണത്തിന് ഇരുവിഭാഗങ്ങളിൽ നിന്നുമായി സിപി മുസ്തഫ, ശുഐബ് പനങ്ങാങ്ങര, മൊയ്തീൻ കോയ, അർഷുൽ അഹമ്മദ്, യുപി മുസ്തഫ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. നിലവിലെ സംഘടന സംവിധാനങ്ങൾക്ക് സമാന്തര കമ്മിറ്റികൾ ഉണ്ടാക്കുന്നത് ശക്തമായ നടപടികൾക്ക് വിധേയമാക്കും.
ഫെബ്രുവരി മാസത്തിൽ ഏരിയ കമ്മിറ്റികളും മാർച്ച് 15 നകം സെൻട്രൽ കമ്മിറ്റിയും രൂപീകരിക്കേണ്ടതാണ്. അതിന് ശേഷം കമ്മിറ്റി രൂപീകരിക്കുമ്പോൾ പരമാവധി സംയമനം പാലിക്കണം.
ഇതുവരെ റിയാദിൽ ഏരിയ കമ്മിറ്റികൾ സജീവമായിരുന്നില്ല. എന്നാൽ ഇനി മുതൽ ഏരിയ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണം. ജില്ല കമ്മിറ്റികൾ എങ്ങനെ പ്രവർത്തിക്കണമെന്നത് യോഗം പറയുന്നില്ലെങ്കിലും ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ ഇവർക്ക് കാര്യമായ സ്വാധീനം ചൊലുത്താനാകും.
മുസ്്‌ലിം ലീഗ്, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നേതാക്കൾക്ക് പുറമെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിപി മുസ്തഫ, മൊയ്തീൻ കോയ കല്ലമ്പാറ, മലപ്പുറം ജില്ല കമ്മിറ്റി ചെയർമാൻ ശംസു പൊന്നാനി, വൈസ് പ്രസിഡന്റ് ശാഫി മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.