ദമാം - ഒട്ടകങ്ങൾക്ക് സൗന്ദര്യവർധന ശസ്ത്രക്രിയകൾ നടത്തിയ വിദേശിയെ ക്യാമൽ ക്ലബ്ബുമായി സഹകരിച്ച് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽശഹ്‌രി പറഞ്ഞു. റിയാദ് പോലീസുമായി ഏകോപനം നടത്തി കിഴക്കൻ പ്രവിശ്യ പോലീസിനു കീഴിലെ അൽഹസ പോലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച, നാൽപതു വയസ് പ്രായമുള്ള ഈജിപ്തുകാരനാണ് അറസ്റ്റിലായത്.
വിൽക്കുമ്പോൾ കൂടുതൽ ഉയർന്ന വില ലഭിക്കാൻ വേണ്ടിയാണ് ഈജിപ്തുകാരൻ ഒട്ടകങ്ങൾക്ക് സൗന്ദര്യവർധന ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. ഇത്തരം ഓപ്പറേഷനുകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ഈജിപ്തുകാരന്റെ പക്കൽ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു.