Sorry, you need to enable JavaScript to visit this website.

താലിബാനുമായി സൗദി ബന്ധമുണ്ടാക്കില്ല; അവർ സൗദിയെ കബളിപ്പിച്ചു - തുർക്കി അൽഫൈസൽ

റിയാദ് - താലിബാൻ രണ്ടു തവണ സൗദി അറേബ്യയെ കബളിപ്പിച്ചതായി സൗദി രഹസ്യാന്വേഷണ ഏജൻസി മുൻ തലവൻ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ അനാവരണം ചെയ്യുന്ന തന്റെ കൃതിയായ അഫ്ഗാൻ ഫയലിന്റെ അറബി പതിപ്പ് റിയാദ് അന്താരാഷ്ട്ര ബുക്‌ഫെയറിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു തുർക്കി അൽഫൈസൽ രാജകുമാരൻ. അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനുമായി സൗദി അറേബ്യ ബന്ധം സ്ഥാപിക്കാൻ സാധ്യതയില്ല. എന്നാൽ അഫ്ഗാൻ ജനതക്കുള്ള പിന്തുണ സൗദി അറേബ്യ തുടരും. 
ഉസാമ ബിൻ ലാദിനെ കൈമാറാനും അൽഖാഇദയുമായുള്ള ബന്ധം അവസാനിപ്പിക്കാനും വിസമ്മതിച്ചപ്പോഴാണ് താലിബാൻ സൗദി അറേബ്യയെ കബളിപ്പിച്ചത്. താലിബാൻ നേതാവായിരുന്ന മുല്ല ഉമറുമായി രണ്ടു തവണ താൻ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ തവണ ഉസാമ ബിൻ ലാദിനെ കൈമാറാൻ മുല്ല ഉമർ സമ്മതിച്ചു. രണ്ടാം തവണ ഈ നിലപാട് പൂർണമായും മാറ്റിയ മുല്ല ഉമർ, ബിൻ ലാദിനെ സൗദി അറേബ്യക്ക് കൈമാറാൻ വിസമ്മതിച്ചു. ഇതിനു പുറമെ, ഉസാമ ബിൻ ലാദിനുമായി സൗദി അറേബ്യ സഹകരിക്കണമെന്ന് മുല്ല ഉമർ ആവശ്യപ്പെടുകയും ചെയ്തു. 
അധികാരത്തിലുള്ള താലിബാന്റെ ഭാവി പ്രവചിക്കാൻ തനിക്കെന്നല്ല, ലോകത്ത് ആർക്കും കഴിയില്ല. താലിബാനെ കുറിച്ച് തീർപ്പ് കൽപിക്കാൻ സമയമായിട്ടില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്ര സർക്കാർ രൂപീകരിക്കുക, സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുക പോലെ അധികാരം പിടിച്ചെടുക്കുമ്പോൾ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ കാര്യങ്ങൾ അവർ പാലിച്ചിട്ടില്ല. താലിബാന്റെ കാര്യത്തിൽ സൗദി അറേബ്യക്ക് വലിയ ശുഭാപ്തി വിശ്വാസമില്ല. എന്നാൽ വലിയ അശുഭാപ്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News