റിയാദ് - ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സൗദിയിൽ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം ഇരുപത് ആയി ഉയർന്നു. ഏറ്റവും ഒടുവിൽ ജനുവരി 31 ന് ആണ് ഒരാൾ അറസ്റ്റിലായത്. കഴിഞ്ഞ മാസം ഒരു ഇന്ത്യക്കാരനും അതിനു മുമ്പുള്ള മാസം മൂന്നു ഇന്ത്യക്കാരും ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായിരുന്നു.
നാലു മാസത്തിനിടെ ഏഴു ഇന്ത്യൻ ഭീകരർ സൗദിയിൽ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വർഷം (ഹിജ്‌റ 1438) അറസ്റ്റിലായ ഏഴു ഇന്ത്യൻ ഭീകരരും 1437 ൽ അറസ്റ്റിലായ മൂന്നു ഇന്ത്യൻ ഭീകരരും 1436 ൽ അറസ്റ്റിലായ രണ്ടു ഇന്ത്യൻ ഭീകരരും 1435 ൽ അറസ്റ്റിലായ ഒരു ഇന്ത്യൻ ഭീകരനും തീവ്രവാദ, ഭീകരവാദ കേസുകളിൽ അറസ്റ്റിലാകുന്ന ഭീകരരെ പാർപ്പിക്കുന്ന ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ജയിലുകളിലാണുള്ളത്. ഇന്ത്യൻ ഭീകരരിൽ പതിനേഴു പേരുടെ കേസുകളും അന്വേഷണ ഘട്ടത്തിലാണ്. രണ്ടു പേരുടെ കേസുകൾ നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഒരാളുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്.
പുതിയ കണക്കു പ്രകാരം സ്വദേശികളും വിദേശികളുമടക്കം 5345 ഭീകരർ സൗദിയിലെ ജയിലുകളിലുണ്ട്. ഇക്കൂട്ടത്തിൽ 4439 പേർ സൗദികളാണ്. 326 യെമനികളും 218 സിറിയക്കാരും 89 പാക്കിസ്ഥാനികളും ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നാലു മാസത്തിനിടെ 60 യെമനി ഭീകരരും 22 സിറിയക്കാരും അറസ്റ്റിലായി. കഴിഞ്ഞ മാസം മൂന്നു എരിത്രിയക്കാരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഭീകരവാദ കേസുകളിൽ എരിത്രിയക്കാർ അറസ്റ്റിലാകുന്നത് ആദ്യമായാണ്.
ഇന്ത്യയിലെ എൻ.ഐ.എ അന്വേഷിച്ചുവന്ന ഏതാനും ഇന്ത്യൻ ഭീകരരെ സമീപ കാലത്ത് സൗദി അറേബ്യ ഇന്ത്യക്ക് കൈമാറിയിരുന്നു. ഭീകരരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ആഭ്യന്തര മന്ത്രാലയം ഭീമമായ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയ ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന വിവരം നൽകുന്നവർക്ക് പത്തു ലക്ഷം റിയാലും ഒന്നിലേറെ ഭീകരരെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന വിവരം നൽകുന്നവർക്ക് അമ്പതു ലക്ഷം റിയാലും ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തുന്നതിന് സഹായിക്കുന്ന വിവരം നൽകുന്നവർക്ക് എഴുപതു ലക്ഷം റിയാലുമാണ് പാരിതോഷികം ലഭിക്കുക.