കണ്ണൂർ: വ്യാജ ജോ്യത്സൻമാരുടെയും സിദ്ധൻമാരുടെയുമെല്ലാം കെണിയിൽ വീണ് ഒടുവിൽ കാലിട്ടടിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. ഇപ്പോഴിതാ ഐ.എ.എസ് പരീക്ഷ പാസാകാൻ വ്യാജ ജോ്യത്സന്റെ കെണിയിൽ പെട്ട് ഒടുവിൽ കണ്ണിന്റെ കാഴ്ചക്ക് മങ്ങലേറ്റ വിദ്യാർത്ഥിയുടെ കഥ കണ്ണൂരിൽ നിന്ന് പുറത്ത് വന്നിരിക്കുന്നു.
ഭാവിയിൽ ഐ എ എസ് പരീക്ഷ പാസാകാൻ ജോത്സ്യന്റെ നിർദേശപ്രകാരം തങ്കഭസ്മം പാലിൽ കലക്കിക്കുടിച്ച മകന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റെന്ന പരാതിയുമായി കൊറ്റാളി സ്വദേശി മൊബിൻ ചന്ദാണ് കണ്ണവം പോലീസിൽ പരാതി നൽകിയത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ഒരു ജോത്സ്യന്റെ നിർദ്ദേശ പ്രകാരമാണ് തങ്കഭസ്മമാണെന്ന് പറഞ്ഞ് അയാൾ തന്ന പൊടി മകനെക്കൊണ്ട് പാലിൽ കലക്കി കുടിപ്പിച്ചതത്രേ. ഇതേത്തുടർന്ന് കാഴ്ചക്ക് മങ്ങലേൽക്കുകയായിരുന്നു. വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി 11.75 ലക്ഷം രൂപ വാങ്ങി ഇയാൾ പറ്റിച്ചതായും പരാതിയിലുണ്ട്.
വീട് നിർമ്മാണത്തിന് കുറ്റി അടിക്കുന്നതിനുള്ള മൂഹൂർത്തം നോക്കാനായാണ് മൊബിൻ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. എന്നാൽ മൊബിൻ ചന്ദ് വാഹനാപകടത്തിൽ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യൻ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നുവത്രേ. ആദിവാസികളിൽ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ പറയുകയും ചെയ്തു.
മൊബിൻ ചന്ദിന്റെ മകൻ ഭാവിയിൽ ഐ എ എസ് പരീക്ഷ പാസ്സാകാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടിൽ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ഇയാൾ നിർദ്ദേശം നൽകിയത്രേ. ഒടുവിൽ മകന്റെ കാഴ്ചക്ക് മങ്ങലേറ്റപ്പോഴാണ് പരാതിയുമായി പോലീസിലെത്തിയത്.