കണ്ണൂര്‍- കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി ശ്രീകാന്ത് മാധവ് വൈദ്യയും നിരവധി പ്രമുഖരും സെലിബ്രിറ്റികളും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച, പയ്യന്നൂരിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഒരു അച്ഛന്റേയും വിദ്യാര്‍ത്ഥിനിയായ ഏകമകളുടേയും കഥ വൈറലായി. 17 വര്‍ഷമായി പെട്രോള്‍ പമ്പില്‍ ജോലി ചെയ്തുവരുന്ന അന്നൂര്‍ സ്വദേശി എസ്. രാജഗോപാലാണ് ദേശീയ തലത്തില്‍ പ്രമുഖരുടെ ശ്രദ്ധപിടിച്ചു പറ്റി താരമായത്. പെട്രോള്‍ പമ്പ് ജോലി കൊണ്ടു മാത്രം മകളെ പഠിപ്പിച്ച് വളര്‍ത്തി രാജ്യത്തെ ഉന്നത കലാലയങ്ങളിലൊന്നായ പ്രശസ്തമായ കാന്‍പൂര്‍ ഐഐടി വരെ എത്തിച്ച കഥ കേന്ദ്ര മന്ത്രിയുടെ ട്വീറ്റിലൂടെയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്. ആര്യ ഇപ്പോള്‍ ഐഐടിയില്‍ പെട്രോളിയം ടെക്‌നോളജിയില്‍ ബിരുദാനന്ത ബിരുദ വിദ്യാര്‍ത്ഥിനിയാണ്. പയ്യന്നൂരിലെ ഐഒസിയുടെ പമ്പില്‍ നില്‍ക്കുന്ന അച്ഛന്റേയും മകളുടേയും ചിത്രമാണ് കേന്ദ്രമന്ത്രിയടക്കം നിരവധി പേര്‍ ആവേശത്തോടെ ഷെയര്‍ ചെയ്തത്. പ്രചോദിപ്പിക്കുന്ന കഥ എന്നു വിശേഷിപ്പിച്ചാണ് ഇവരുടെ ഫോട്ടോ പ്രമുഖര്‍ പങ്കുവച്ചത്.
ഈ അച്ഛനും മകളും രാജ്യത്തിന്റെ പ്രചോദനവും മാതൃകയുമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി ട്വീറ്റ് ചെയ്തു. ആര്യ ഞങ്ങളുടെ അഭിമാനമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി ശ്രീകാന്ത് വൈദ്യയും ചിത്രസഹിതം ട്വീറ്റ് ചെയ്തു. ട്വിറ്ററിനു പുറമെ ഫെയ്‌സ്ബുക്കിലും രാജഗോപാലിന്റേയും ആര്യയുടേയും കഥ വ്യാപകമായി പ്രചരിച്ചു. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് പെട്രോ കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയാണ് ആര്യ കാന്‍പൂര്‍ ഐഐടിയിലെത്തിയത്. അമ്മ കെ.കെ ശോഭന ബജാജ് മോട്ടോഴ്‌സ് ജീവനക്കാരിയാണ്.
Heartwarming indeed.
— Hardeep Singh Puri (@HardeepSPuri) October 6, 2021
Arya Rajagopal has done her father Sh Rajagopal Ji & indeed all of us associated with the country’s energy sector immensely proud.
This exemplary father-daughter duo are an inspiration & role models for Aspirational New India.
My best wishes.@IndianOilcl https://t.co/eiU3U5q5Mj pic.twitter.com/eDTGFhFTcS