Sorry, you need to enable JavaScript to visit this website.

ലീ ക്യാപിറ്റൽ നിക്ഷേപ തട്ടിപ്പ്: എട്ടു വർഷം കഴിഞ്ഞിട്ടും  പ്രധാന പ്രതികൾക്കെതിരെ നടപടിയില്ല 

പെരിന്തൽമണ്ണ- എട്ടുവർഷം മുമ്പു നടന്ന ലീ ക്യാപിറ്റൽ നിക്ഷേപ തട്ടിപ്പിലെ പ്രധാന പ്രതികളെ ഇനിയും കണ്ടെത്താനോ നിയമനടപടികളെടുക്കാനോ പോലീസിന് കഴിഞ്ഞില്ല. മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചാണ് ലീ ക്യാപിറ്റൽ എന്ന കമ്പനിയുടെ ഉടമകൾ മുങ്ങിയത്. പെരിന്തൽമണ്ണയിൽ മാത്രം നിരവധി പേർക്കാണ് അന്ന് പണം നഷ്ടമായത്.
കൊല്ലം ജില്ലയിലെ നിലമേൽ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും നിക്ഷേപകർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. തട്ടിപ്പിന് ഇരയായവർ നിരവധി സമരങ്ങൾ നടത്തിയെങ്കിലും മുഖ്യ സൂത്രധാരനായ കൊല്ലം നിലമേൽ സ്വദേശിയെ പോലീസിന് പിടികൂടാനായിട്ടില്ല. 
പ്രാദേശികമായി ജനങ്ങളുമായി ബന്ധമുള്ളവരെ ഏജന്റുമാരാക്കിയാണ് കമ്പനി തട്ടിപ്പ് നടത്തിയത്. 2007 മുതൽ 2013 വരെ കോടികൾ നിക്ഷേപമായി സ്വീകരിച്ചു. നിക്ഷേപകർക്ക് ആദ്യമാസങ്ങളിൽ ലാഭം നൽകിയിരുന്നു. ഇതോടെ നിക്ഷേപകർ കൂടുതൽ പണം കമ്പനിയിലേക്ക് നൽകുകയും പുതിയ നിക്ഷേപകർ എത്തുകയും ചെയ്തു. ടൗണുകൾ കേന്ദ്രകരിച്ചുള്ള ശാഖകളുടെ നിയന്ത്രണത്തിൽ ഗ്രാമങ്ങളിൽ ഏജന്റുമാരെ നിയമിച്ച് പണം സ്വരൂപിക്കുകയാണ് കമ്പനി ചെയ്തത്. 2013 ൽ ശാഖാ ഓഫീസുകൾ പൂട്ടി തുടങ്ങി. എന്നാൽ ഇക്കാര്യം നിേക്ഷപകർ അറിയാൻ ഏറെ വൈകിയിരുന്നു.
പെരിന്തൽമണ്ണ ശാഖാ ഓഫീസ് പൂട്ടയതറിഞ്ഞ നിക്ഷേപകർ പോലീസിൽ പരാതി നൽകിയതോടെ പോലീസ് ഏജന്റിനെയാണ് അറസ്റ്റ് ചെയ്തത്. കമ്പനി ഉടമകളും ശാഖയിലെ ജീവനക്കാരും മുങ്ങിയിരുന്നു. പല പ്രദേശത്തും കമ്പനിക്കെതിരെ പേലീസിൽ പരാതികൾ ലഭിച്ചിരുന്നു.
പണം നഷ്ടപ്പെട്ടവരെ സഹായിക്കാനായി കോഴിക്കോട് കേന്ദ്രീകരിച്ച് നിയമസഹായ വേദി രൂപീകരിച്ചിരുന്നു. പിന്നീട് ഈ സമിതിക്കെതിരെയും സാമ്പത്തിക ആരോപണങ്ങൾ ഉയർന്നു. കമ്പനിയുടെ പ്രാദേശിക ഏജന്റുമാർ കൈമലർത്തിയതോടെ നിക്ഷേപകർക്ക് നൽകിയ പണത്തിൽ വലിയൊരു ഭാഗവും നഷ്ടമായി. വർഷങ്ങൾ കഴിഞ്ഞിട്ടും ഒളിവിലുള്ള പ്രധാന പ്രതിയെ പിടികൂടാനോ കേസ് പുനരന്വേഷിക്കുവാനോ പോലീസ് തയാറായിട്ടില്ല. പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടി പണം തിരികെ ലഭിക്കുന്നതിനായി നിക്ഷേപകർ നിയമനടപടികൾ ആരംഭിച്ചിരുന്നെങ്കിലും അതും ഫലം കണ്ടില്ല. 
 

Latest News