തിരുവനന്തപുരം: കേരളത്തിൽ ഇരുചക്ര വാഹനങ്ങളിൽ ഇനി കുടചൂടി സഞ്ചരിച്ചാൽ മോട്ടാർ വാഹന വകുപ്പിന്റെ പിടി വീഴും. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാൻ പാടില്ല. സംസ്ഥാനത്ത് കുടചൂടി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്താണ് ഗതാഗത കമ്മീഷണർ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഇരു ചക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹമാണ്. ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. എന്നാൽ ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് പറയുന്നില്ല.