Sorry, you need to enable JavaScript to visit this website.

നാർകോട്ടിക്ക് നൽകിയും ലൗ നടത്തിയും ആരെയും ഇസ്ലാമിലേക്ക് കൊണ്ടുവരേണ്ടതില്ല-ജിഫ്രി തങ്ങൾ

കൊച്ചി-  ഇസ്ലാമിലേക്ക് നിർബന്ധിച്ച് മതം മാറ്റുന്ന ഒരു പരിപാടിയുമില്ലെന്നും ഒരാളെയും നിർബന്ധിച്ച് ക്ഷണിക്കരുതെന്നാണ് ഖുർആൻ അധ്യാപനമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ) പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ജിഹാദ് വിമർശവും യാഥാർഥ്യവും എന്ന പ്രമേയത്തിൽ സമസ്ത സംഘടിപ്പിക്കുന്ന ത്രൈമാസ ബോധനയത്നത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയത്തിൽ വിശ്വാസമില്ലാതെ ആരും മുസ്ലിമാവുകയില്ല. നാർകോട്ടിക്ക് നൽകിയും ലൗ നടത്തിയും ആരെയും ഇസ്ലാമിലേക്ക് കൊണ്ടു വരേണ്ടതില്ല. തെറ്റായ രീതിയിലല്ല ഇസ്ലാമിലേക്ക് മറ്റുള്ളവരെ ആകർഷിപ്പിക്കേണ്ടത്. മാതൃകാപരമായി ജീവിക്കുന്നത് കണ്ടാണ് മറ്റ് മതസ്ഥർ ഇസ്ലാമില്ലേക്ക് വരേണ്ടത്. വിമർശകർ ആധികാരികമായി ഇസ്ലാമിനെ പഠിക്കണം. ഭാഷ മനസ്സിലാക്കിയത് കൊണ്ടു മാത്രം ഖുർആൻ മനസ്സിലാക്കാൻ കഴിയില്ല. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ചിലർ ഇസ്ലാമിനെ കരിവാരി തേക്കുകയാണ്. മറ്റ് മതസ്ഥർക്ക് പ്രയാസം സൃഷിടിക്കുന്ന വിധം ഉത്തരവാദപ്പെട്ടവർ പ്രസ്താവന ഇറക്കരുത്. സ്വന്തം മതം വളർത്തേണ്ടത് മറ്റുള്ള മതങ്ങളെ ആക്ഷേപിച്ചാകരുതെന്നും മതങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിഷയാവതരണം നടത്തി. ഫാ. പോൾ തേലക്കാട്ട്, സ്വാമി അസുർശാനന്ദ ശിവഗിരി മഠം പ്രസംഗിച്ചു.
 

Latest News