കൊച്ചി- ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപ്പിടിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി ചാടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. എഫ് എ സി ടിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിക്കാണ് തീ പിടിച്ചത്. ഒടുവിൽ അഗ്നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്. എഫ് എ സി ടിയുടെ അമ്പലമുകൾ കൊച്ചിൻ ഡിവിഷനിൽ നിന്ന് ഹൈദരാബാദിലെ വ്യവസായ സ്ഥാപനമായ റെയിൻ ഇൻഡസ്ട്രിയിലേക്ക് ഹൈഡ്രജൻ ജിപ്സം പൗഡറുമായി പോയ ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. സീപോർട്ട് എയർപോർട്ട് റോഡിൽ ചിറ്റേത്തുകരക്ക് സമീപം ഇൻഫോപാർക്ക് കവാടത്തിനടുത്താണ് സംഭവം. ലോറിയുടെ ബാറ്ററി യൂനിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചത്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ സെൻസറുകളും മറ്റുമടങ്ങിയ ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്. പെട്ടെന്ന് തീ ആളിക്കത്തുന്നത് ശ്രദ്ധയിൽ പെട്ടെന്ന് ഡ്രൈവർ സുജിത് പറഞ്ഞു. ഉടൻ നടുറോഡിൽ തന്നെ വണ്ടി നിർത്തി പുറത്തിറങ്ങിയ സുജിത് വിവരമറിയിച്ചതിനെ തുടർന്ന് അടുത്തുള്ള കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ വെള്ളമൊഴിച്ച് കെടുത്താൻ നോക്കിയെങ്കിലും തീ ആളിക്കത്തി. ഇതോടെ അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
തൃക്കാക്കര അഗ്നി രക്ഷാ സേന ഓഫീസിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥർ മുക്കാൽ മണിക്കൂറോളമെടുത്താണ് തീ അണച്ചത്. അപ്പോഴേക്കും ഡ്രൈവറുടെ ക്യാബിൻ പൂർണമായും അഗ്നിക്ക് ഇരയായിരുന്നു.
വാഹനം കത്തിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് ചരക്ക് മാറ്റിയ ശേഷം ലോറി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി.