Sorry, you need to enable JavaScript to visit this website.

സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോകാൻ വിരുദ്ധ വിഭാഗം. മുതിർന്ന നേതാക്കളെ രാജിവെപ്പിച്ച് സമ്മർദ്ദത്തിന് നീക്കം


കോഴിക്കോട് : ബി.ജെ.പി പുന:സംഘടനയെത്തുടർന്ന് പാർട്ടിക്കുള്ളിൽ ചേരിപ്പോര് അതീവ ഗുരുതരമായി.  പാർട്ടിയിൽ തനിക്ക് വലിയ ആധിപത്യം ലഭിക്കുന്ന രീതിയിലാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പുന:സംഘടന പൂർത്തിയാക്കിയത്. ഇതിനെതിരെ സുരേന്ദ്രന്റെ എതിരാളികൾ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പോരിനിറങ്ങാൻ തീരുമാനമെടുത്തു കഴിഞ്ഞു.  മുതിർന്ന പാർട്ടി നേതാക്കളിൽ ചിലരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിച്ചുകൊണ്ടുള്ള സമ്മർദ്ദത്തിനും ഇവർ ശ്രമം നടത്തുന്നുണ്ട്.

സുരേന്ദ്രനെ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുരളീധരൻ - സുരേന്ദ്രൻ വിരുദ്ധവിഭാഗം കേന്ദ്ര നേതൃത്വത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് കാരണം സുരേന്ദ്രന്റെ നിലപാടുകളാണെന്നും സുരേന്ദ്രൻ ഇനിയും പ്രസിഡന്റായി  തുടരുന്നത് പാർട്ടിയെ വീണ്ടും ക്ഷീണിപ്പിക്കുമെന്നുമായിരുന്നു ഇവർ വാദിച്ചത്. സുരേന്ദ്രനെ മാറ്റുന്ന കാര്യം ഒരുവേള കേന്ദ്ര നേതൃത്വവും ആലോചിച്ചിരുന്നു. എന്നാൽ പകരം ആര് എന്ന ചോദ്യത്തിന് സുരേന്ദ്രൻ വിരുദ്ധർക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. അവർ മുന്നോട്ട് വെച്ച ചില പേരുകളാകട്ടെ കേന്ദ്ര നേതൃത്വത്തിന് സ്വീകാര്യമായതുമില്ല. ഒടുവിൽ കേന്ദ്ര നേതൃത്വം സുരേന്ദ്രനെ തൽക്കാലം മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 

എന്നാൽ സുരേന്ദ്രൻ പക്ഷം ഇത് പാർട്ടിക്കുള്ളിൽ  തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. അതുകൊണ്ട് തന്നെ പുന: സംഘടനയുടെ കാര്യത്തിൽ വളരെ ശ്രദ്ധാപൂർവ്വമായ ഇടപെടലാണ് സുരേന്ദ്രൻ നടത്തിയത്.  തന്റെ പക്ഷത്തിനെതിരെ വലിയ ആക്രമണം ഉണ്ടാകാത്ത രീതിയിൽ നിലവിലുള്ള ഭാരവാഹികളിൽ  അധികം പേരെയും നിലനിർത്തുകയും അതോടൊപ്പം തനിക്ക് ശക്തമായ പിന്തുണ നൽകുമെന്ന് ഉറപ്പുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. പുതുതായി നിയോഗിച്ച ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലും ആധിപത്യം  പുലർത്താൻ സുരേന്ദ്രൻ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ പുന:സംഘടന പൂർത്തിയായി കഴിഞ്ഞപ്പോഴാണ് സുരേന്ദ്രൻ വിരുദ്ധർക്ക് ഇതിന്റെ അപകടം മണത്തത്. സംസ്ഥാന നേതാക്കളിൽ പലരും വാർത്ത വന്നപ്പോൾ മാത്രമാണ് പുന:സംഘടന സംബന്ധിച്ച വിവരം അറിയുന്നത്.  ഇക്കാര്യം  സുരേന്ദ്രൻ പക്ഷം രഹസ്യമാക്കി വെക്കുകയും പെട്ടെന്ന് ആളുകളെ  തീരുമാനിക്കുകയുമായിരുന്നു. 

പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ ശക്തമായ പ്രതിഷേധത്തിലാണെങ്കിലും അവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പാർട്ടി കേന്ദ്ര നേതൃത്വം ചെവിക്കൊടുക്കമെന്നില്ല. അതുകൊണ്ട് തന്നെ ആവനാഴിയിലെ അവസാനത്തെ ആയുധവും എടുത്ത് പോരാടാനാണ് ഇവരുടെ നീക്കം. ഇതിന്റെ ഭാഗമായി മുൻ സംസ്ഥാന പ്രസിഡന്റുമാർ അടക്കമുള്ള മുതിർന്ന  നേതാക്കളെ രംഗത്തിറക്കിക്കൊണ്ട് ആക്രമണത്തിനാണ് ഇവരുടെ ശ്രമം. സുരേന്ദ്രന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളിൽ ചിലർ പാർട്ടി വിടുമെന്ന് സുരേന്ദ്രൻ വിരുദ്ധ പക്ഷം പ്രചരിപ്പിക്കുന്നുണ്ട്. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭനെയാണ് ഇതിന് വേണ്ടി അവർ മുന്നിൽ നിർത്തുന്നത്. 

സുരേന്ദ്രനെതിരെ പാർട്ടി ദേശീയ നേതൃത്വത്തോട് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും മുതിർന്ന നേതാക്കളെക്കൊണ്ട് സുരേന്ദ്രനെതിരെ ശക്തമായ ആരോപണങ്ങൾ കൊണ്ടു വന്നാൽ ദേശീയ നേതൃത്തിന് ഇടപെടാതിരിക്കാനാകില്ലെന്നും ഇവർ കണക്കുകൂട്ടുന്നുണ്ട്. പൊതുസമ്മതരായ കൂടുതൽ പേരെ പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് താൻ ശ്രമം നടത്തുന്നതെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ വിശ്വസിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനും വലിയ താൽപര്യമുണ്ട്. എന്നാൽ ഇതിനെയെല്ലാം വെട്ടി നിരത്തുന്ന രീതിയിലുള്ള ആക്രമണങ്ങൾക്കാണ് വിമത പക്ഷം കോപ്പ് കൂട്ടുന്നത്. ശോഭ സുരേന്ദ്രൻ അടക്കമുള്ള സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന് കേന്ദ്ര നേതൃത്വത്തിൽ ഇപ്പോൾ പഴയ പിടിപാടില്ല. ശോഭയെ കേന്ദ്ര നിർവ്വാഹ സമിതിയിൽ നിന്ന് പോലും ഒഴിവാക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ രണ്ടും കൽപ്പിച്ച് ഇറങ്ങാൻ തന്നെയാണ് ശോഭാ സുരേന്ദ്രന്റെ തീരുമാനം.

എന്നാൽ ഒരു വിട്ടുവീഴ്ചക്കും സുരേന്ദ്രൻ പക്ഷവും തയ്യാറല്ല. തനിക്കെതിരെ നീങ്ങുന്നവരെ അച്ചടക്കത്തിന്റെ വാൾ ഉപയോഗിച്ച് ഒതുക്കി നിർത്തുകയെന്നതാണ് സുരേന്ദ്രന്റെ തന്ത്രം. പാർട്ടി നേതാക്കളുടെ അച്ചടക്കമില്ലായ്മയാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. ഇതിന് പാർട്ടി ദേശീയ നേതൃത്വം അനുകൂലമാണെന്നും അച്ചടക്ക നടപടികൾ എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് എല്ലാ സ്വാതന്ത്ര്യവും ദേശീയ നേതൃത്വം നൽകിയിട്ടുണ്ടെന്നുമാണ് സുരേന്ദ്രൻ പക്ഷം പ്രചരിപ്പിക്കുന്നത്. 

തനിക്കെതിരെ പടക്കിറങ്ങുന്നവരെ തീർത്തും ഒറ്റപ്പെടുത്തിക്കൊണ്ട് തിരിച്ചടിക്കാനാണ് സുരേന്ദ്രൻ തയ്യാറെടുത്തിട്ടുള്ളത്. അതിന് വേണ്ടി ജില്ലാ നേതൃത്വങ്ങളിൽ പൂർണ്ണ സ്വാധീനം ഉറപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പാർട്ടി വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന കാര്യത്തിൽ സംശയമില്ല.
========
 

Latest News