നെടുമ്പാശ്ശേരി: എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയായ പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വിമാനം ലണ്ടനിൽ നിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.
അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കനായി വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറക്കുകയായിരുന്നു. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു.
210 യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകിയാണ് കൊച്ചിയിലെത്തിയത്. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി സമയോചിത ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.