അബുദാബി- യു.എ.ഇ ഗോള്‍ഡന്‍ വിസ അബുദാബിയിലെ 500 ലേറെ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നല്‍കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാരും ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ ഉള്‍പ്പെടും. ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങള്‍ക്കുള്ള ആദരവാണിതെന്ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥതയും ഉത്തരവാദിത്ത ബോധവും സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഗോള്‍ഡന്‍ വിസക്കായി നാമനിര്‍ദേശം ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് ദീര്‍ഘകാല താമസം ഉറപ്പുവരുത്തുക വഴി ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാവുന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുമാണ് യു.എ.ഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. മലയാള നട•ാര്‍ ഉള്‍പ്പെടെ കലാകാരന്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരും ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ ഉള്‍പ്പെടും. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപനം നടത്തിയത്. കോവിഡ് കാലത്ത് ഡോക്ടര്‍മാര്‍ നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഇവരെ ഗോള്‍ഡന്‍ വിസക്ക് യോഗ്യതയുള്ളവരാക്കിയത്. യു.എ.ഇയില്‍ ജോലി ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതെന്നും അബുദാബി ആരോഗ്യ വിഭാഗം ചെയര്‍മാന്‍ അബ്ദുല്ല അല്‍ഹമീദ് പറഞ്ഞു.