തൃശൂർ - രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കൊടകര കുഴൽപണ കേസിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനിടെ കൂടുതൽ പണം കണ്ടെത്തി. കൊടകര കുഴൽപണ കവർച്ചാ കേസിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ മുഖ്യപ്രതി രഞ്ജിത്തിനെയും ഭാര്യ ദീപ്തിയും ചോദ്യം ചെയ്തതിൽ നിന്നാണ് 1,40,000 രൂപയുടെ വിവരം ലഭിച്ചത്. രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ സുഹൃത്ത് ഷിന്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1,40,000 രൂപ കണ്ടെടുത്തത്. അറസ്റ്റിലാകും മുമ്പ് ദീപ്തി ഷിന്റോയെ ഈ പണം സൂക്ഷിക്കാൻ ഏൽപ്പിച്ച ഇരിക്കുകയായിരുന്നു നഷ്ടപ്പെട്ട പണത്തിൽ ഒന്നരക്കോടിയിലധികം രൂപയാണ് ഇതുവരെ കണ്ടെടുത്തത്.
കൊടകര കുഴൽപണ കവർച്ചാ കേസിൽ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം സംഘം ചോദ്യം ചെയ്തിരുന്നു. കവർച്ചാ പണത്തിലെ ഇനി കണ്ടെത്താനുള്ള 2 കോടി രൂപ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ജാമ്യം ലഭിച്ച പ്രതികളെ തൃശൂർ പോലീസ് ക്ലബ്ബിൽ ഓരോരുത്തരെയായി പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. അത്തരത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇപ്പോൾ പണം കണ്ടെത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ പണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റുമായി എത്തിച്ചതാണ് പണമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കമുള്ളവർ കേസിൽ സാക്ഷികളാണ്.