കൊടുങ്ങല്ലൂര്‍- ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. പെരിഞ്ഞനം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഇതര സംസ്ഥാനക്കാരിയാണ് ആശുപത്രിയിലെ ഫാര്‍മസിക്ക് മുന്നില്‍ പ്രസവിച്ചത്.
വയറുവേദനയെ തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു യുവതി. ടോക്കണ്‍ വിളിക്കാന്‍ നില്‍ക്കുന്നതിനിടെ ശൗചാലയത്തില്‍ പോയ യുവതി അവിടെയെത്തും മുന്‍പെ വരാന്തയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അമ്മയെയും കുഞ്ഞിനെയും കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ചു.