പയ്യന്നൂർ- പാചക തൊഴിലാളിയായ വീട്ടമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒരു വർഷം മുമ്പ് അപ്രത്യക്ഷയായ പയ്യന്നൂർ കൊറ്റി റോഡിലെ കല്ലേൻ ഹൗസിൽ പ്രസന്നയെ (48) കണ്ടെത്തുന്നതിനായാണ് നോട്ടീസ്. ഇതേ ദിവസം അപ്രത്യക്ഷനായ തൃക്കരിപ്പൂർ മാണിയാട്ട് സ്വദേശി അബ്ദുറഹിമാന്റെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നോട്ടീസ്.
ഭർതൃമതിയും രണ്ടു മക്കളുടെ അമ്മയുമായ പ്രസന്നയെ, 2020 ജൂലൈ 11 നാണ് കാണാതായത്. രാവിലെ പാചക ജോലിക്കായി പോയ ഇവർ രാത്രിയായിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയും പിന്നീട് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന അബ്ദുറഹിമാനും അപ്രത്യക്ഷനായതായി വിവരം ലഭിച്ചു. കല്യാണ വീടുകളിലും മറ്റും അബ്ദുറഹിമാനൊപ്പമാണ് പ്രസന്ന പാചക സഹായിയായി പോയിരുന്നത്. ഒരു വിവാഹ വീട്ടിൽ വെച്ചാണിവർ പരിചയപ്പെട്ടത്. തുടർന്ന് ജോലിക്കായി പ്രസന്നയെ കൂടെ കൂട്ടുകയായിരുന്നു. തൃക്കരിപ്പൂർ മാണിയാട്ടെ വാടക വീട്ടിൽ താമസിച്ചു വരുന്ന അബ്ദുറഹ്‌മാനെക്കുറിച്ച് പോലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു. കുടക് സ്വദേശിനിയായ ഭാര്യയുമൊത്താണിയാൾ താമസിച്ചിരുന്നത്. എന്നാൽ ഭർത്താവ് മാസങ്ങളായി വീട്ടിൽ വന്നിട്ടില്ലെന്നും, ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നുമാണിവർ പോലീസിൽ നൽകിയ മൊഴി. അപ്രത്യക്ഷമായ ദിവസം മുതൽ പ്രസന്നയുടെയും അബ്ദുറഹിമാന്റെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. അത് ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. പ്രസന്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറി പോയതോടെ അന്വേഷണവും നിലച്ചു. പഴയ കേസുകളെക്കുറിച്ച് അന്വേഷണം നടത്താൻ ഉന്നത നിർദ്ദേശം വന്നതോടെയാണ് ഈ കേസ് അന്വേഷണത്തിന് വീണ്ടും ജീവൻ വെച്ചത്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇരുവരും മലപ്പുറത്ത് ഒളിവിൽ കഴിയുന്നുവെന്ന സൂചന നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഇതു സംബന്ധിച്ച അന്വേഷണം നടന്നിരുന്നില്ല. ലുക്ഔട്ട് നോട്ടീസ് വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറും.