ഇടുക്കി-കീർത്തി കേട്ട മറയൂർ ചന്ദനത്തിന്റെ വിത്തുകൾ അന്യദേശങ്ങളിലേക്കും. സ്വാഭാവിക ചന്ദന വനമായ മറയുരിലെ ചന്ദന വനത്തിൽ നിന്നും ഇതിനായി വിത്തുകൾ ശേഖരിച്ച് തുടങ്ങി. കേരളത്തിലും സമാനകാലവസ്ഥയുള്ള മറ്റു സംസ്ഥാനങ്ങളിലും കാടുകളിൽ ചന്ദനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് മറയൂരിലെ മൂന്ന് ചന്ദന റിസർവുകളിൽ നിന്ന് വിത്തുകൾ ശേഖരിക്കുന്നത്. കിലോഗ്രാമിന് 2000 രൂപയാണ് ചന്ദനവിത്തിന്റെ വില. ഇതിൽ ശേഖരിക്കുന്ന തൊഴിലാളികൾക്ക് 400 രൂപയും വന സംരക്ഷണ സമിതിക്ക് 300 രൂപയും ലഭിക്കും. 1300 രൂപ വന വികസന ഫണ്ടിലേക്ക് മാറ്റും
ചന്ദനത്തിന്റെ കടും നീല നിറത്തിലുള്ള ചെറുപഴങ്ങൾ താനേ വീണ് ഉണങ്ങികിടക്കുന്നതാണ് ജീവനക്കാരെ ഉപയോഗിച്ച് വനം വകുപ്പ് ശേഖരിക്കുന്നത്. മറയൂർ ചന്ദനം ഗുണമേന്മയിലും സുഗന്ധത്തിലും മറ്റു പ്രദേശങ്ങളിൽ വളരുന്നവയേക്കാളും മേന്മയുള്ളതാണ്. വിത്തുകൾ തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വനം വകുപ്പിനും ഐഡബ്ലുഎസ്റ്റി, കെഎഫ്ആർഐ തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങൾക്കുമാണ് വിതരണം ചെയ്യുന്നത്.