കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാവ് രേഷ്മയ്ക്ക് ജാമ്യം . അറസ്റ്റിലായി തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് പരവൂർ മുൻസിഫ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുെട ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇവർ രേഷ്മയുടെ കാമുകനായി ചമഞ്ഞുകൊണ്ട് ഫേസ് ബുക്കിൽ രേഷ്മയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നു.ഇതിൽ വീണ് പോയ രേഷ്മ കാമുകനെ സ്വന്തമാക്കാനാണ് കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ചത്. ഫേസ്ബുക്ക് അധികൃതരിൽ നിന്ന് പൂർണ്ണ വിവരം ലഭിക്കാത്തതിനാൽ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
ജനുവരി അഞ്ചിനാണ് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത രീതിയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ മരിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും പോലീസ് രേഷ്മയെ പിടികൂടുകയുമായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ആര്യയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ആര്യയും ഗ്രീഷ്മയും പുഴയിൽ ചാടി മരിച്ചത്. ഏറെ ദുരൂഹതകൾ നിറഞ്ഞ കേസാണിത്.