ബാലരാമപുരം : കിണറ്റിൻ കരയിലിരുന്ന് മദ്യപിച്ച് ലക്ക്‌കെട്ട മൂന്നുപേർ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോത്താണ് സംഭവം. പൂവാർ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂർ സ്വദേശികളായ മഹേഷ്, അരുൺസിങ് എന്നിവരാണ് മറ്റു രണ്ടുപേർ. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തെ ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെ കിണറ്റിൻ കരയിലാണ് മൂന്നുപേരും മദ്യപിച്ചത്. ഇത് അയൽവാസികൾ കാണുകയും ചെയ്തിരുന്നു പിന്നീട് ഇവരെ കാണാതായതോടെ അയൽവാസികൾ കിണറ്റിനടുത്തെത്തിയപ്പോഴാണ് മൂവ്വരും കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തി മൂന്നുപേരെയും കിണറ്റിൽ നിന്നു കയറ്റിയെങ്കിലും അപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു.