തിരുവനന്തപുരം- നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.ഖയാം(49), കൊല്‍ക്കത്ത സ്വദേശി സുബൈര്‍ കുദാസി(47) എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തേക്കുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ മാസമാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി മൂന്നു സ്ത്രീകളെ ബോധരഹിതരാക്കി മോഷണം നടത്തിയത്. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ അഞ്ജലി, തമിഴ്‌നാട് സ്വദേശി കസല്യ എന്നിവരില്‍നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. തിരുവനന്തപുരത്തെത്തിയ ട്രെയിനില്‍ മൂന്നു സ്ത്രീകള്‍ ബോധരഹിതരായി കിടക്കുന്നതു കണ്ടെത്തിയതോടെയാണ് കവര്‍ച്ച പുറത്തറിഞ്ഞത്.
റെയില്‍വേ സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തിയാണ് പ്രതികളെ കുടുക്കിയത്. അടുത്ത കവര്‍ച്ചക്കുള്ള യാത്രക്കിടെയാണ് പ്രതികള്‍ പിടിയിലായത്.