ജിദ്ദ - ജിദ്ദ സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ ദല്ലാളായി പ്രവർത്തിക്കുന്നതിന് സൗദി വനിത സ്വാലിഹ അൽകുറൈഥിക്ക് ലൈസൻസ് ലഭിച്ചു. സൗദിയിൽ പച്ചക്കറി മാർക്കറ്റിൽ ദല്ലാൾ മേഖലയിൽ ജോലി ചെയ്യാൻ ലൈസൻസ് നേടുന്ന ആദ്യ സൗദി വനിതയാണിവർ. തന്റെ ഭർത്താവും മകനും ജിദ്ദ പച്ചക്കറി മാർക്കറ്റിൽ വ്യാപാര മേഖലയിലാണ് ജോലി ചെയ്തിരുന്നതെന്ന് സ്വാലിഹ അൽകുറൈഥി പറഞ്ഞു. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നതായി ബോധ്യപ്പെട്ടതോടെ മകനൊപ്പം ജിദ്ദ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യാമെന്ന നിർദേശം ഭർത്താവ് മുന്നോട്ടു വെക്കുകയായിരുന്നു. ഇത് തനിക്കും സ്വീകാര്യമായി.
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടിയ ശേഷം ജിദ്ദ പച്ചക്കറി മാർക്കറ്റിൽ സ്റ്റാൾ വാടകക്കെടുത്തു. ജിദ്ദ പച്ചക്കറി മാർക്കറ്റിൽ സ്റ്റാൾ തുടങ്ങുന്ന ആദ്യ വനിതയായിരുന്നു താൻ. മാർക്കറ്റിൽ സൗദി വനിത സ്റ്റാൾ തുറക്കുന്നതിനെ ബന്ധപ്പെട്ട വകുപ്പുകളെല്ലാം സ്വാഗതം ചെയ്തു. അൽപകാലം സ്റ്റാൾ നടത്തിയ ശേഷം ഭർത്താവിന്റെയും മകന്റെയും പ്രോത്സാഹനത്താൽ താൻ ദല്ലാൾ ലൈസൻസ് നേടുകയായിരുന്നു. പച്ചക്കറി മാർക്കറ്റിൽ മൊത്തമായി ചരക്കുകൾ എത്തിക്കുന്നവരിൽ നിന്ന് പുലർച്ചെ പച്ചക്കറികൾ വാങ്ങിയ ശേഷം അവ തരംതിരിച്ച് ഉപയോക്താക്കൾക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്നും സ്വാലിഹ അൽകുറൈഥി പറയുന്നു.