കോഴിക്കോട് : കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു. 14 വർഷത്തിനിടെ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ കേസിൽ 2019 ഒക്ടോബർ 5 നാണ് മുഖ്യപ്രതി ജോളി ജോസഫിനെ അറസ്റ്റ് ചെയ്തത്. തന്റെ ഭർത്താവും ബന്ധുക്കളുമടക്കം ആറ് പേരെ വിവിധ കാലയളവുകളിലായി സയനൈഡ് നൽകി അതിവിദഗ്ധമായി കൊലപ്പെടുത്തിയ ജോളി ഇപ്പോൾ ജില്ലാ ജയിലിൽ റിമാന്റിലാണ്.
അറസ്റ്റ് നടന്നതിന്റെ തുടക്കത്തിൽ വലിയ തോതിലുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്ന ജോളി ഇപ്പോൾ സഹതടവുകാരോട് തമാശകൾ പറഞ്ഞും, പൊട്ടിച്ചിരിച്ചും പ്രാർത്ഥിച്ചും ജയിലിലെ വിവിധ കാര്യങ്ങളിൽ സജീവമായി ഇടപെട്ടും സന്തോഷമായി കഴിയുകയാണ്. അറസ്റ്റിന്റെ ആദ്യ നാളുകളിൽ ജയിലിനുള്ളിൽ ആത്മഹത്യാ ശ്രമം നടത്തിയതോടെ ജയിലധികൃതർ ജോളിയെ നിരന്തരമായി നിരീക്ഷിക്കുകയും കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ നാടിനെ നടുക്കിയ വലിയൊരു കൊലപാതക പരമ്പരയിലെ പ്രതിയാണ് താനെന്ന ഭാവഭേദമൊന്നുമില്ലാതെ എല്ലാവരോടും വളരെ ശാന്തമായും സ്‌നേഹത്തോടെയുമാണ് ജോളിയുടെ ജയിലിലെ പെരുമാറ്റം.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് തന്റെ ഭർത്താവ് ഉൾപ്പടെ ഒരു കുടുംബത്തിലെ ആറ് പേരെ ആസൂത്രിതമായി ജോളി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ കുടുംബത്തിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കാൻ ജോളി നടത്തിയ ശ്രമങ്ങളിൽ ഭർതൃ സഹോദരിക്കുണ്ടായ സംശയമാണ് കേരളം ഞെട്ടി വിറച്ച ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. അന്വേഷണ സംഘത്തിന്റെ കുശാഗ്ര ബുദ്ധിയും കൂടിയായപ്പോൾ ജോളിയെന്ന സീരിയൽ കില്ലർ അഴിക്കുള്ളിലായി. ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജോളി ഇനിയും കൊലപാതകങ്ങൾ നടത്തിയേനെ.
ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ പിതാവ് കൂടത്തായ് പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്‌കറിയയുടെ ഭാര്യ സിലി എന്നിവരെയാണ് വിവിധ കാലങ്ങളിലായി ഭക്ഷണത്തിൽ സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയത്.
കേവലം പാത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ജോളി താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അധ്യാപികയാണെന്ന് പറഞ്ഞ് കുടംബത്തെയും നാട്ടുകാരെയുമെല്ലാം വർഷങ്ങളോളം പറ്റിക്കുകയായിരുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന ജോളി കൊലപാതക പരമ്പര നടത്തിയ കാര്യം ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ മറ്റ് രണ്ട് പേരെയും വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ചതിന് നോട്ടറി പബ്ലിക്കിനേയും സി.പി.എം പ്രാദേശിക നേതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി.സൈമണിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരുടെയും കേസന്വേഷണത്തിലെ ആത്മാർത്ഥതയാണ് ജോളിയെ നിയമത്തിന് മുന്നിലെത്തിച്ചത്. ആറ് കൊലപാതകക്കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എണ്ണായിരം പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയത്. 246 സാക്ഷികളും 322 രേഖകളും ഇതോടൊപ്പമുണ്ട്.
ജോളി അറസ്റ്റിലായിട്ട് രണ്ടു വർഷം പൂർത്തിയായെങ്കിലും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രമാദ ക്രിമിനൽ കേസുകളിൽ അഭിഭാഷകനായി എത്താറുള്ള അഡ്വ. ബി.എ. ആളൂരാണ് ജോളിക്ക് വേണ്ടി ഹാജരാകുന്നത്. ജോളിക്ക് ജാമ്യം കിട്ടാനായുള്ള ആളൂരിന്റെ ശ്രമങ്ങൾ ഇതുവരെ ഫലവത്തായിട്ടില്ല. ഇതിനിടെ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സ്‌കറിയ കഴിഞ്ഞ ദിവസം വിവാഹ മോചനത്തിന് കുടുംബക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ ആദ്യ ഭാര്യയെയും മകളെയും ഉൾപ്പെടെ കൊലപ്പെടുത്തിയ സീരിയൽ കില്ലറായ ജോളിയുമായുള്ള ബന്ധം തുടരാനാകില്ലെന്നാണ് അദ്ദേഹം കുടുംബക്കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്.