മസ്‌കത്ത്- ഷഹീന്‍ ചുഴലിക്കാറ്റ് വിതച്ച കെടുതില്‍ മരിച്ചവരുടെ എണ്ണം നാലായി. സ്വദേശി പൗരനാണ് മരിച്ച നാലാമത്തെയാള്‍. ഇന്നലെ കുട്ടിയടക്കം 3 പേര്‍ മരിച്ചിരുന്നു. വന്‍നാശനഷ്ടമുണ്ടായതിനൊപ്പം പല മേഖലകളും ഒറ്റപ്പെട്ടു. ആമിറാത്ത് വിലായത്തില്‍ വെള്ളപ്പാച്ചിലിലാണു കുട്ടി മരിച്ചത്. റുസൈല്‍ വ്യവസായ മേഖലയില്‍ കെട്ടിടം തകര്‍ന്നാണ് 2 തൊഴിലാളികളുടെ മരണം. പലര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഒരു ഒമാന്‍ സ്വദേശിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞു. മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിലാണ് ഞായറാഴ്ച രാത്രിയോടെ ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു ഷഹീന്‍ വീശിയത്. യു.എ.ഇയില്‍ ഷഹീന്‍ തീരം തൊട്ടതോടെ ദുര്‍ബലമായിട്ടുണ്ട്.