അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം (20 കോടിയിലേറെ രൂപ) നേടിയവരെ കണ്ടെത്തി. ഖത്തറിലെ അല്‍സുവൈദി ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ 40 പേര്‍ ചേര്‍ന്ന് അക്കൗണ്ടന്റും കൊല്ലം പരവൂര്‍ സ്വദേശിയുമായ നഹീല്‍ നിസാമുദ്ദീന്റെ പേരില്‍ എടുത്ത 6 ടിക്കറ്റുകളില്‍ അവസാനത്തേതിനാണ് ലഭിച്ചത്. ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ നടത്തിയ ശ്രമം നേരത്തെ വിഫലമായിരുന്നു.
37 മലയാളികളും 3 ബംഗ്ലാദേശുകാരും 50 റിയാല്‍ വീതം സ്വരൂപിച്ച് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് നഹീല്‍ പറഞ്ഞു. മാസത്തില്‍ 50 ദിര്‍ഹം മാറ്റിവച്ച് എല്ലാ മാസവും വ്യത്യസ്ത ആളുകളുടെ പേരില്‍ ടിക്കറ്റ് എടുക്കുക പതിവായിരുന്നു.
സംഘത്തിലെ ഓരോരുത്തരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവാണ്. സമ്മാനം ലഭിച്ചുവെന്ന് കരുതി ആരും ജോലി വിടില്ലെന്നും അവര്‍ പറഞ്ഞു.