Sorry, you need to enable JavaScript to visit this website.

സർക്കാർ ഓഫീസുകൾ ഇടനിലക്കാർ കൈയ്യടക്കുന്നു

കോഴിക്കോട് : സർക്കാർ സേവനങ്ങൾ സുതാര്യമാക്കിയിട്ടും ഇടനിലക്കാരുടെ ഇടപെടൽ മൂലം അർഹതപ്പെട്ടവർക്ക് സർക്കാർ ഓഫീസുകളിൽ നിന്ന് ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിക്കപ്പെടുന്നതായി വ്യാപക പരാതി. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് എന്ത് സേവനങ്ങൾ ലഭിക്കണമെങ്കിലും ഇടനിലക്കാരുമായി ബന്ധപ്പെടേണ്ട സ്ഥിതിയാണുള്ളതെന്നും ഇത് ഇല്ലാതാക്കാൻ നടപടികൾ വേണമെന്നും ഭരണ മുന്നണിയിൽ നിന്ന്  അഭിപ്രായമുയർന്നിട്ടുണ്ട്. 

സാധാരണക്കാർ ഏറ്റവും കൂടുതലായി ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളും രജിസ്‌ട്രേഷൻ, ആർ.ടി.ഒ ഓഫീസുകളുമെല്ലാം ഇടനിലക്കാർ കൈയടക്കിവെച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള സേവനങ്ങളോ, സർട്ടിഫിക്കറ്റുകളോ ഇവിടെ നിന്ന് ലഭിക്കണമെങ്കിൽ അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇടനിലക്കാരാണ്. ഇതിന് വലിയ തുകയാണ് ഈടാക്കുന്നത്. ഇടനിലക്കാർ വഴി അപേക്ഷ പൂരിപ്പിച്ച് ഓഫീസുകളിലെത്തിയാൽ ജീവനക്കാർ ആവശ്യമായ സേവനങ്ങൾ വേഗത്തിൽ നൽകും . നേരിട്ട് അപേക്ഷയുമായി ചെന്നാൽ പല തെറ്റുകൾ ചൂണ്ടിക്കാട്ടി നിരവധി തവണ മടക്കി അയക്കുന്ന സ്ഥിതിയാണ് മിക്ക ഓഫീസുകളിലുമുള്ളത്. കോവിഡ് കാലത്ത് ഈ പ്രവണത വളരെയധികം വ്യാപിച്ചിട്ടുണ്ട്. ഇതു മൂലം അർഹരായവർക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാതെ പോകുന്നുണ്ട്. 

ഇടനിലക്കാരില്ലാതെ സർക്കാർ സേവനങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങളിലെത്തിക്കുന്നതിന് വേണ്ട നടപടികളെടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷാ ഫോറങ്ങൾ പൂരിപ്പിക്കുന്നതിനും ആവശ്യമായ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനും ആളുകളെ ഉദ്യോഗസ്ഥർ നേരിട്ട് സഹായിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ആവശ്യമെങ്കിൽ ജീവനക്കാരിൽ ഒരാൾക്ക് ഇതിന്റെ ചുമതല നൽകാനും നിർദ്ദേശമുണ്ട്. എന്നാൽ മിക്ക സർക്കാർ ഓഫീസുകളിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
സർക്കാർ സേവനങ്ങളിൽ അധികവും ഡിജിറ്റലൈസ് ചെയ്തതോടെ ഒട്ടേറെ സേവനങ്ങൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ വഴി അപേക്ഷ നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ ഇതിനെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലാത്ത സാധാരണക്കാർക്ക് ഇടനിലക്കാരെ ആശ്രയിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഏതാനും മിനുട്ടുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന അപേക്ഷകൾക്ക് പോലും വലിയ തുക വാങ്ങുകയാണ് ഇടനിലക്കാർ ചെയ്യുന്നത്. ഭൂരിഭാഗം സേവനങ്ങളും ഡിജിറ്റൽ സമ്പ്രദായത്തിലേക്ക് മാറിയതോടെ മിക്ക സർക്കാർ ഓഫീസുകൾക്ക് മുന്നിലും ഇടനിലക്കാരുടെ ഓഫീസുകൾ കൂണ് പോലെ മുളച്ച് പൊന്തിയിട്ടുണ്ട്. ഇവരുടെ സേവനം ഉപയോഗപ്പെടുത്താനാണ് സർക്കാർ ഓഫീസിലെത്തുന്ന പൊതുജനങ്ങളെ ജീവനക്കാർ ഉപദേശിക്കുന്നത്. അതിന് തയ്യാറല്ലാത്തവരെ പല കാരണങ്ങൾ പറഞ്ഞ് വട്ടം കറക്കും.

ഇടനിലക്കാർക്ക് ലഭിക്കുന്ന പണത്തിന്റെ വിഹിതം ഉദ്യോഗസ്ഥർക്ക് കൃത്യമായി ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നേരിട്ടുള്ള കൈക്കൂലി ചോദിക്കുന്ന രീതിക്ക് കുറവുണ്ട്. ആർക്കെങ്കിലും കൈക്കൂലി നൽകണമെങ്കിൽ അത് ഇടനിലക്കാർ വഴി നൽകിയാൽ മതി. 
സർക്കാർ ഓഫീസുകളിലേക്കുള്ള  അപേക്ഷകൾ നൽകുന്നതിനും വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും അക്ഷയ കേന്ദ്രത്തിന്റെ സഹായം തേടിയാൽ മതിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ നിരവധി സേവനങ്ങൾ അക്ഷയ സെന്ററുകൾ വഴി നൽകുന്നതിനാൽ എല്ലാ ദിവസവും വലിയ തിരക്കാണ് അക്ഷയ ഓഫീസുകളിൽ അനുഭവപ്പെടുന്നത്. മാത്രമല്ല പല പഞ്ചായത്തുകളിലും അക്ഷയ സെന്ററുകളുെട എണ്ണം വളരെ കുറവാണ്. ചില അക്ഷയെ സെന്ററുകൾ നിർജീവവുമാണ്. ഈ അവസരമാണ് ഇടനിലക്കാർ ഫലപ്രദമായി മുതലെടുക്കുന്നത്.

സർക്കാർ ഓഫീസുകളിലെ ഇടനിലക്കാരുടെ ഇടപെടൽ സർക്കാറിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിക്കുന്നതായി ഭരണ മുന്നണിയിൽ നിന്ന് തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ ഉയർന്ന് വന്നിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനായി പ്രാദേശിക തലത്തിൽ പൊതുജങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകൾ തയ്യാറെടുക്കുന്നുണ്ട്.
 

Latest News