തിരുവനന്തപുരം- നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രി പ്രതിപക്ഷ നേതാവിനെ വിമർശിച്ചത്.
നിരന്തരം വിമർശനം നടത്തുന്ന സതീശന് മുന്നിൽ താൻ സർവ വിജ്ഞാന കോശം കയറിയ ആളൊന്നുമല്ല. ആരാണ് സതീശനെ പ്രതിപക്ഷ നേതാവാക്കിയത്- ശിവൻകുട്ടി ചോദിച്ചു.
പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാനാകുമെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ അലോട്മെന്റുകളും തീരുമ്പോൾ 33,000 സീറ്റുകൾ മിച്ചം വരും. ഏഴ് ജില്ലകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു.
അതേസമയം, മന്ത്രിയുടെ കണക്കുകളിൽ വ്യക്തയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്ലസ് വണ്‍ വിഷയത്തില്‍ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. ചരിത്ര വിജയം നേടിയിട്ടും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹെലികോപ്റ്റർ വാടക ഉപയോഗിച്ചെങ്കിലും സർക്കാർ പ്ലസ് വൺ സീറ്റ് കൂട്ടാന്‍ തയറാകണമെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.