ന്യൂദല്‍ഹി- ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസിഡറായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമിച്ചതിന് പിന്നാലെ ബിജെപി ടിക്കറ്റില്‍ താരത്തെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ കങ്കണയെ സ്ഥനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
രാം സ്വരൂപ് ശര്‍മ്മയുടെ വിയോഗത്തോടെ ഒഴിവ് വന്ന ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ കങ്കണയെ ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മണ്ഡലത്തിലെ ഭാംബിലയാണ് കങ്കണയുടെ ജന്മദേശം എന്നതാണ് ശ്രദ്ധേയം. മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. മാണ്ഡിക്ക് പുറമേ ഫത്തേപ്പൂര്‍, ജുബ്ബല്‍ കോട്ട്കായ്, ആര്‍കി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് രാം സ്വരൂപ് ശര്‍മ്മ മരിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലങ്ങളിലേക്ക് പരിഗണിക്കേണ്ട സ്ഥാനാര്‍ഥികളുടെ പേരുകള്‍ തീരുമാനിക്കാന്‍ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ധര്‍മശാലയില്‍ ചേരും. വൈകാതെ യോഗം ചേരും. പേരുകള്‍ കണ്ടെത്തി ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയ ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക. അതേസമയം, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയതായി സൂചനകളുണ്ട്. മാണ്ഡി മണ്ഡലത്തില്‍ കങ്കണയെ മത്സരിപ്പിക്കുന്നതിനോട് ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കണയെ മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും മുതിര്‍ന്ന നേതാക്കളെ തഴയേണ്ടിവരുമെന്നുമാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്.