Sorry, you need to enable JavaScript to visit this website.

തിയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം  രോഗവ്യാപനത്തിന് ഇടയാക്കും-  ഐഎംഎ

തിരുവനന്തപുരം- സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തിയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതമെന്നും, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് വ്യക്തമാക്കി. തിയേറ്ററുകള്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളില്‍ മാത്രമേ പ്രദര്‍ശനം അനുവദിക്കാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച് എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും സഖറിയാസ് അറിയിച്ചു.
എന്നാല്‍, സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. തീയറ്ററുകളില്‍ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. തിയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
രണ്ട് വര്‍ഷമായി സംസ്ഥാനത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോള്‍ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തിയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്.അനന്തമായി തിയറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ സാധിക്കില്ല. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കും. വിനോദ നികുതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ആശങ്കയുണ്ട്.അതെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും'. മന്ത്രി പറഞ്ഞു.
 

Latest News