ദുബായ്- ലോകത്തിന്റെ സംഗമ കേന്ദ്രമായി ദുബായ് എക്സ്പോയെ മാറ്റിയതിനുപിന്നില്‍ മികച്ച ആസൂത്രണം മാത്രമല്ല, ആയിരക്കണക്കിന് തൊഴിലാളികളുടെ വിയര്‍പ്പുമുണ്ട്. ആഘോഷത്തിമര്‍പ്പിനിടെ എക്‌സ്‌പോയിലെ നിര്‍മിതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളെ ഓര്‍ക്കുക, മാത്രമല്ല, അവരുടെ പേരുകള്‍ കൊത്തിവെക്കുകയും ചെയ്ത് മഹാമാതൃക കാട്ടിയിരിക്കുകയാണ് യു.എ.ഇ.
എക്‌സ്‌പോ 2020 തൊഴിലാളി സ്മാരകം യു.എ.ഇ സഹിഷ്ണുതാ സഹമന്ത്രിയും എക്സ്പോ 2020 ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാഷെമി ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തു. പ്രത്യേക ഡിസൈനിലുള്ള കല്‍ത്തൂണുകളില്‍ നിര്‍മാണ പങ്കാളികളായ രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളുടെ പേരുകള്‍ കൊത്തിവച്ചിരിക്കുന്നു. എക്‌സ്‌പോയിലെ ജൂബിലി പാര്‍ക്കിന്റെ പ്രധാന നടപ്പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
2015ല്‍ തറക്കല്ലിട്ടതുമുതല്‍ 240 ദശലക്ഷം മണിക്കൂറാണ് തൊഴിലാളികള്‍ എക്‌സ്‌പോ 2020 വേദിക്കായി വിയര്‍പ്പൊഴുക്കിയത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍കിടെക്ട് ആസിഫ് ഖാനാണ് ഈ സ്മാരകത്തിന്റെ ശില്‍പി. ഗ്രഹണത്തിലെ ചന്ദ്രന്റെ രൂപാന്തരീകരണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കല്ല് കൊണ്ട് സിലിണ്ടര്‍ നിരകള്‍ നിര്‍മിച്ചായിരുന്നു സ്മാരകം ഒരുക്കിയതെന്ന് ആസിഫ് ഖാന്‍ പറഞ്ഞു.
ഇന്ത്യക്കാരടക്കം ലോകത്തെങ്ങുനിന്നുമുള്ള രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുടെ അവിശ്വസനീയമായ ആത്മാര്‍ഥ പ്രയത്‌നത്തിന്റെ പരിണിതഫലമാണ് മരുഭൂമിയില്‍ വിരിഞ്ഞ എക്‌സ്‌പോ 2020 വേദി. തൊഴിലാളികളുടെ പ്രയത്‌നത്തെ മന്ത്രി റീം അല്‍ ഹാഷിമി അഭിനന്ദിച്ചു.