ദോഹ- ഖത്തര്‍ സര്‍ക്കാരിന്റെ നിയമനിര്‍മാണ ഉപദേശക സമിതിയായ ശൂറ കൗണ്‍സിലിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 26 വനിതാ സ്ഥാനാര്‍ത്ഥികളും തോറ്റു. 45 അംഗ സഭയായ ശൂറ കൗണ്‍സിലിലെ 30 സീറ്റുകളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടത്തിയത്. ബാക്കി 15 സീറ്റുകളിലെ അംഗങ്ങളെ ഖത്തര്‍ അമീര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യും. പ്രഥമ തെരഞ്ഞെടുപ്പില്‍ വോട്ടവകാശവും പൗരത്വ വിഷയവും ഏറെ ചര്‍ച്ചയായിരുന്നു. പ്രതിരോധം, സുരക്ഷ, സാമ്പത്തകി-നിക്ഷേപ നയം എന്നിവ ഒഴികെ മറ്റു പൊതു നയങ്ങളും ബജറ്റുമാണ് ശൂറ കൗണ്‍സിലിന്റെ അധികാര പരിധിയില്‍ വരുന്നത്. ഖത്തറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
പ്രഥമ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 30 ജില്ലകളില്‍ നിന്നായി 233 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവരില്‍ 26 പേരാണ് വനിതകള്‍. ഖത്തറില്‍ വര്‍ഷങ്ങളായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. പൗരന്മാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പു വലിയ ആവേശമായി എന്നാണ് റിപോര്‍ട്ട്. ഈ വോട്ടെടുപ്പ് പുതിയൊരു പരീക്ഷണമാണെന്ന് നേരത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി പറഞ്ഞിരുന്നു.