കോഴിക്കോട്- സംഘടനയിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും മൂന്നു തവണയില്‍ കൂടുതല്‍ ആരെയും അനുവദിക്കാതെ പുതിയ തലമുറക്ക് ലീഗ് നേതൃത്വത്തിലേക്ക് കടന്നുവരാന്‍ അവസരം ഒരുക്കണമെന്ന് ഫാറൂഖ് കോളേജിലെ മുന്‍ എം.എസ്.എഫുകാരുടെ കൂട്ടായ്മ. പാര്‍ട്ടിയില്‍ ഉത്തരവാദ സ്ഥാനങ്ങള്‍ വഹിക്കുന്നവരടക്കം ഈ കൂട്ടായ്മയിലുണ്ട്. തിരുത്ത് എന്ന് പേരിട്ട രേഖ ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
മുസ്‌ലിം ലീഗ് അതിന്റെ അടിസ്ഥാന തത്വങ്ങളെയും ഭരണഘടനെയെയും മറന്നു തുടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞാണ് തിരുത്ത് ആരംഭിക്കുന്നത്.
എല്ലാ ചര്‍ച്ചകളും തീരുമാനങ്ങളും ഉന്നതാധികാര സമിതിയില്‍ ഒതുങ്ങുന്നുവെന്നതാണ് ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ പ്രശ്‌നം. ഈ സമിതിയാവട്ടെ ഉപചാരകരാല്‍ നിറഞ്ഞതാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഇത് പ്രതിഫലിക്കുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് പോലും ചാരിറ്റി കൊണ്ട് മുഖം മറക്കേണ്ട അവസ്ഥ കാരണം പാര്‍ട്ടിയുടെ ശക്തമായ ഇടങ്ങളില്‍ പോലും അടിയൊഴുക്കുകള്‍ സജീവമാണ് സംഘടനയിലെ പരിഗണന സമ്പത്തോ, വ്യക്തി, ഗ്രൂപ്പ് താല്‍പര്യങ്ങളോ ആകുന്നു.
വിഷയങ്ങളിലെ നിലപാടില്ലായ്മ, കേസ് കൈകാര്യം ചെയ്യല്‍, പ്രവര്‍ത്തകരെ അക്രമികളില്‍നിന്നും സംരക്ഷിക്കല്‍, സര്‍ക്കാര്‍ സഹായം എത്തിക്കല്‍ ഇവയിലെ അപര്യാപ്തത മറ്റു സംഘടകള്‍ക്ക് കടന്നു കയറാന്‍ ഇടം ഒരുക്കുന്നു. തെക്കന്‍ കേരളത്തില്‍ ഇത് കൂറെ കൂടി ശക്തമാണ്. മറ്റു പാര്‍ട്ടികളുടെ കായികമായ ആക്രമണങ്ങളില്‍നിന്നും അണികളെ സംരക്ഷിക്കാന്‍ കഴിയണം. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെ കാലാവധി പൂര്‍ത്തീകരിക്കാതെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നതിനെയും പി.വി. അബ്ദുല്‍ വഹാബിനെയും അബ്ദുസ്സമദ് സമദാനിയെയും വീണ്ടും പാര്‍ലമെന്റിലേക്കും ഇബ്രാഹിം കുഞ്ഞിന്റെ മകനെ നിയമസഭയിലേക്കും പരിഗണിച്ചതിനെയും തിരുത്ത് വിമര്‍ശിക്കുന്നു.
ലൗ ജിഹാദ്, ഹാദിയ, മുന്നോക്ക സംവരണം, മുസ്‌ലിം ജനസംഖ്യ തുടങ്ങിയ വിഷയങ്ങളില്‍ സി.പി.എം സൃഷ്ടിക്കുന്ന വര്‍ഗീയ അജണ്ട ലീഗ് വിരോധവും യു.ഡി.എഫ് വിരോധവുമായി മാറുന്നു. അതോടൊപ്പം മുസ്‌ലിം വിഷയങ്ങളില്‍ ലീഗ് ഇടപെടല്‍ ആത്മാര്‍ത്ഥമല്ല എന്ന ചിന്ത മുസ്‌ലിം വിഭാഗങ്ങളിലുണ്ടാക്കിയെടുക്കാനും സി.പി.എമ്മിന് കഴിയുന്നുണ്ട്.
പാര്‍ട്ടിയുടെ സംസ്‌കാരത്തിന് അപരിചിതമായ രീതിയില്‍ പ്രതികരിക്കുന്ന ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍, പേജുകള്‍, എഴുത്തുകള്‍ പൊതു സമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പാര്‍ട്ടി കമ്മിറ്റികളില്‍ വിഷായാധിഷ്ഠിത ചര്‍ച്ച നടത്തണമെന്നും യുവാക്കളെയും സ്ത്രീകളെയും അഭിപ്രായ രൂപീകരണത്തില്‍ പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. സംഘടന ഭാരവാഹിത്വം, പാര്‍ലമെന്ററി അവസരങ്ങള്‍ എന്നിവ മൂന്നില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരാള്‍ക്ക് നല്‍കരുത്.
സംസ്ഥാനം, ജില്ല ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ
ജനാതിപത്യ രീതിയില്‍ തെരഞ്ഞെടുക്കണം.ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും യൂനിറ്റുകള്‍ ഉണ്ടാക്കുകയും, ദേശീയ വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുക, വര്‍ഗീയ കക്ഷികളോടും മത രാഷ്ട്രവാദികളോടും ഒരു തരത്തിലും കക്ഷി ചേരാതിരിക്കുക, ബൈത്തുറഹ്മ ഭവന പദ്ധതി എണ്ണം പരിമിതപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നം ആയ തൊഴിലില്ലായ്മ, പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ ദീര്‍ഘകാല പരിഹാരത്തിനായി ഉപയോഗപ്പെടുത്തുക, അത് പഞ്ചായത്ത്തലം മുതല്‍ പാര്‍ട്ടി ഫണ്ട് ഓഡിറ്റ് ചെയ്യുക, നേതാക്കളുടെ ആസ്തി വിവരം വെളിപ്പെടുത്തുക, വിദേശത്ത് നിന്ന് മടങ്ങി വരുന്ന പ്രവാസികള്‍, നാട്ടിലെ സാധാരണക്കാര്‍, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സാമ്പത്തിക, ജോലി സ്രോതസ്സുകള്‍ ആകുന്ന തരത്തില്‍ അവര്‍ക്ക് വേണ്ടി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുക, പാര്‍ട്ടി-പാര്‍ലമെന്ററി നേതൃനിരയില്‍ തലമുറ മാറ്റം കൊണ്ട് വരിക, മുസ്‌ലിം ലീഗിലും അതിന്റെ പോഷക സംഘടനകളിലും മെമ്പര്‍ഷിപ്പിനനുസരിച്ച് സ്ത്രീകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം
ഉറപ്പ് വരുത്തുക, സ്ത്രീ സൗഹൃദാന്തരീക്ഷം സംഘടനക്കകത്ത് ഉണ്ടാകുവാന്‍ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഫാറൂഖ് കോളേജ് എം.എസ്.എഫ് കൂട്ടായ്മക്ക് വേണ്ടി എന്‍.കെ. സഫീര്‍, മുഹമ്മദ് നൗഫല്‍, പി. മുഹമ്മദലി, ഹാരിസ്, ഡോ. റഹീം കളത്തില്‍ എന്നിവരാണ് ഇത് സമര്‍പ്പിച്ചത്.