റിയാദ്- കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി. മാനുഷിക പരിഗണനയുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവൂ. ഇതിന്നായി ഓഫീസില്‍ വരേണ്ടതില്ലെന്നും അബ്ശിര്‍ വഴി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ മതിയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
അത്തരം രാജ്യങ്ങളില്‍ ബന്ധുക്കളുടെ മരണം, ചികിത്സക്കായി പോകുന്നവരെ അനുഗമിക്കല്‍, ചികിത്സയിലുള്ളവര്‍ക്ക് അവയവ ദാനം ചെയ്യല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പോകാന്‍ അനുമതിയുള്ളത്. നേരത്തെ ഏതൊരാവശ്യത്തിനും ഈ രാജ്യങ്ങളിലേക്ക് പോകരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.