Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ചെറിയ കുട്ടികൾ വൻതോതിൽ  ലഹരിക്ക് അടിമകളാകുന്നു -മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം- സംസ്ഥാനത്ത് ചെറിയ കുട്ടികൾ പോലും അപകടകരമാം വിധം ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത് ഭാവിസമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ സാധിക്കണം. ലഹരിയുടെ അടിവേരറുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും വിമുക്തിയുടെ പ്രവർത്തനം കടന്നുചെല്ലണം. 
മനുഷ്യന്റെ സാമൂഹ്യ അവബോധത്തെയും മാനസികാരോഗ്യത്തെയും വെല്ലുവിളിക്കുന്ന രീതിയിൽ ലഹരിയുടെ സ്വാധീനം വർധിച്ചിരിക്കുന്നു. ഇതിൽനിന്നും മോചിതമാകാതെ ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകില്ല. കേരളത്തിലെ എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനമാണ് നടത്തുന്നത്. അടുത്ത ഗാന്ധിജയന്തിക്കു മുമ്പായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബുകൾ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള സന്ദേശം വിദ്യാർഥികൾക്കിടയിൽ വ്യാപകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള 20,000 ഓളം വാർഡുകളിൽ ലഹരിക്കെതിരെ പൊതുജനപങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരിക്കെതിരെ സമൂഹത്തിന്റെ താഴേത്തട്ടിൽ വരെ എത്തുന്ന ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആവശ്യം. തുടർച്ചയായ ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക വഴി മാത്രമേ ആളുകളുടെയുള്ളിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കാനാകൂ. അത്തരത്തിലുള്ള പ്രചാരണ പരിപാടികൾക്ക് പ്രാധാന്യം നൽകണം. ഇത് വാർഡ് തലം വരെയും ഏറ്റവും താഴേത്തട്ടിലുള്ള ആളുകളിലുമെത്തണം.
മഹാത്മാഗാന്ധിയുടെ 152-ാം ജൻമവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ലഹരിവിമുക്തമാക്കാൻ ഒരു വശത്തുനിന്നും വലിയ പരിശ്രമമുണ്ടാകുമ്പോൾ അതിനു തടയിടുന്ന വിധത്തിലുള്ള ആസൂത്രിതമായ പ്രവർത്തനങ്ങൾ മറുഭാഗത്തു നിന്നുണ്ടാകുന്നത് വലിയ വെല്ലുവിളിയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പുതുതലമുറയെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് കരകയറ്റാൻ സമൂലമായ പ്രവർത്തനം അനിവാര്യമാണ്. കുട്ടികൾക്ക് ലഹരിപദാർഥങ്ങൾ ലഭിക്കാൻ സാധ്യത കൂടുതലാണെന്നും ഇക്കാര്യത്തിൽ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് കൂടുതൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
വിമുക്തി മിഷൻ തയാറാക്കിയ ബോധവൽക്കരണ ഹ്രസ്വചിത്രങ്ങളുടെ സി.ഡി. മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറിന് നൽകി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി കവടിയാർ സ്‌ക്വയറിൽനിന്നും സമ്മേളന വേദി വരെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണ സൈക്കിൾ റാലി വി.കെ. പ്രശാന്ത് എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു.
സമൂഹം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളികളിലൊന്നായ മയക്കുമരുന്നിന്റെ ഉപയോഗം തടയുകയും അതിന്റെ ദൂഷ്യഫലങ്ങളിൽനിന്ന് ആളുകളെ മോചിപ്പിക്കുകയും ചെയ്യുകയെന്നത് എക്‌സൈസ് വകുപ്പും വിമുക്തിയും ഒരു യജ്ഞമായി തന്നെ ഏറ്റെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ പറഞ്ഞു. 

Latest News