സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുമ്പോഴേ പൂർണ്ണ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്നാണ് പാർട്ടി നിലപാട്.
കോഴിക്കോട്- സ്വാതന്ത്ര്യ ദിനം പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി സി.പി.എം ആഘോഷിച്ചതിനെതിരെ പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷ വിമർശനം. വലിയൊരു വിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും ഈ വിഷയം ചർച്ചയായി. തുടർന്ന് നടക്കാനിരിക്കുന്ന ലോക്കൽ, ഏരിയാ, ജില്ലാ, സംസ്ഥാന സേേമ്മളനങ്ങളിലും അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിലും ഈ വിഷയം പാർട്ടി പ്രതിനിധികൾക്കിടയിൽ ചേരി തിരിഞ്ഞുള്ള ചർച്ചകൾക്ക് വഴിവെക്കും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി ആഘോഷിക്കാൻ സി.പി.എം തീരുമാനമെടുക്കുകയായിരുന്നു. പാർട്ടി കേന്ദ്ര, സംസ്ഥാന കമ്മറ്റി ഓഫീസുകൾ മുതൽ ബ്രാഞ്ച് കമ്മറ്റി ഓഫീസുകളിൽ വരെ ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്ര കമ്മറ്റി നിർദ്ദേശം നൽകിയിരുന്നു. സി.പി.എം രൂപീകരിച്ച ശേഷം ആദ്യമായാണ് സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയർത്തി ആഘോഷിക്കാൻ പാർട്ടി തീരുമാനമെടുത്തത്. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത ബി.ജെ.പിയും ആർ.എസ്.എസും ദേശീയതാ വികാരം ഉയർത്തി കാലങ്ങളായി സ്വാതന്ത്ര്യ സമരം ആഘോഷിക്കുന്നതിന് തിരിച്ചടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ പ്രവർത്തകരുടെ എതിരഭിപ്രായത്തെ തുടർന്ന് നല്ലൊരു ശതമാനം പാർട്ടി ഓഫീസുകളിലും സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നില്ല. രാജ്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുമ്പോഴേ പൂർണ്ണ സ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നുമാണ് പാർട്ടിയുടെ നേരത്തെ തന്നെയുള്ള നിലപാട്. ഈ നിലപാട് എന്തിനാണ് മാറ്റിയതെന്നും ഇത് സംബന്ധിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്തിട്ടുള്ളതെന്നുമാണ് ബ്രാഞ്ച് കമ്മറ്റി യോഗങ്ങളിൽ ഉയർന്ന് വന്ന ചർച്ച. ഇതിന് കൃത്യമായ മറുപടി നൽകാൻ യോഗങ്ങളിൽ പങ്കെടുത്ത ഭൂരിപക്ഷം മേൽക്കമ്മറ്റി അംഗങ്ങൾക്കും സാധിച്ചതുമില്ല.
സംസ്ഥാനത്ത് സി.പി.എമ്മിന് നിലവിൽ 37,000ത്തിൽ അധികം ബ്രാഞ്ച് കമ്മറ്റികളാണുള്ളത്. ഇതിൽ 90 ശതമാനം ബ്രാഞ്ചുകളിലും പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം നടന്നു കഴിഞ്ഞു. ബാക്കിയുള്ള ബ്രാഞ്ചുകളിൽ ഒക്ടോബർ 10 നകം പൂർത്തിയാക്കും. ലോക്കൽ സമ്മേളനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തി ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ കാരണങ്ങൾ കൃത്യമായി വിശദീകരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിനോ കേന്ദ്ര നേതാക്കൾക്കോ കഴിഞ്ഞില്ലെന്നും അതുകൊണ്ട് തന്നെ പാർട്ടി പ്രവർത്തകർ മറ്റ് രാഷ്ട്രീയ കക്ഷികൾക്കിടയിൽ അപഹാസ്യരായെന്നുമുള്ള വികാരമാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ വലിയൊരു വിഭാഗം പ്രതിനിധികളും പങ്കുവെച്ചത്. ഒറ്റ ദിവസം കൊണ്ട് നിലപാട് മാറ്റം പാടില്ലെന്നും പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്ത ശേഷം മാത്രമേ ഇത്തരം താത്വികമായ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ പാടുള്ളുവെന്നുമാണ് അംഗങ്ങൾ വാദിച്ചത്. ചില ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രതിനിധികൾ ഒന്നാകെ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിനെതിരെ രംഗത്തെത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാണ് പാർട്ടി തീരുമാനമെങ്കിൽ അത് വർഷങ്ങൾക്ക് മുമ്പേ തന്നെ എടുക്കാമായിരുന്നെന്നും മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റും ഏറെ വെല്ലുവിളി ഉയരുന്ന മോഡി സർക്കാറിന്റെ ഭരണകാലത്ത് ഇത് ചെയ്തത് ഭരണകൂടത്തിന്റെ നിലപാടുകളെ അംഗീകരിക്കുന്നതിന് തുല്യമായെന്നും ബ്രാഞ്ച് സമ്മേളനത്തിൽ ശക്തമായ വാദങ്ങളുയർന്നു. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന മേൽകമ്മറ്റി സമ്മേളനങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്ന് പറഞ്ഞ് ഈ വിഷയത്തിൽ നിന്ന് പ്രാദേശിക നേതൃത്വങ്ങൾ തടിയൂരുകയാണ് ചെയ്തത്. പാർട്ടി സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺ്ഗ്രസിലുമെല്ലാം നേതാക്കൾക്ക് ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകേണ്ടി വരും. ബ്രാഞ്ച് സമ്മേളനങ്ങളിൽ നടന്ന ചർച്ചകൾ മേൽക്കമ്മറ്റികൾ വഴി സംസ്ഥാന സമ്മേളനത്തിൽ ഉന്നയിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ കാര്യമായ ചർച്ചകളില്ലാതെ പെട്ടെന്നെടുത്ത തീരുമാനത്തിന് മറുപടി പറയാൻ പാർട്ടി നേതൃത്വം വിയർക്കേണ്ടി വരും.