കോഴിക്കോട്- മുസ്‌ലിം ലീഗിന്റെ പോഷക വിഭാഗമായ കെ.എം.സി.സികളിൽ പാർട്ടിയുടെ കർശന നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന മുസ്‌ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ചർച്ച ചെയ്തു. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കാനായി സബ് കമ്മറ്റിയെ നിയമിക്കാനാണ് ധാരണ. പാർട്ടിയുടെ അടുത്ത യോഗത്തിൽ സംസ്ഥാന നേതാക്കളിൽ ഒരാൾക്ക് ഇത് സംബന്ധിച്ച ചുമതല നൽകും. സൗദി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള കെ.എം.സി.സി പ്രതിനിധികൾ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു.
കെ.എം.സി.സികളുടെ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ കർശന നിയന്ത്രണവും ഏകോപനവും കൊണ്ടുവരാനാണ് തീരുമാനം. നാട്ടിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കെ.എം.സി.സി നടത്തുന്നുണ്ടെങ്കിലും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതിന് മാറ്റം വരുത്തുകന്ന ലക്ഷ്യത്തോടെയാണ് പാർട്ടിയുടെ കർശന നിയന്ത്രണം കൊണ്ടുവരുന്നത്.