റിയാദ് - സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,000 ഓളം നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 13,795 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 5,749 പേർ ഇഖാമ നിയമ ലംഘകരും 6,228 പേർ നുഴഞ്ഞുകയറ്റക്കാരും 1,818 പേർ തൊഴിൽ നിയമ ലംഘകരുമാണ്.
കഴിഞ്ഞയാഴ്ച അതിർത്തികൾ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 270 പേർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തിൽ 35 ശതമാനം പേർ യെമനികളും 62 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനിധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 21 പേരും ഇക്കാലയളവിൽ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകിയ 54 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
നിലവിൽ 84,231 നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തിൽ 75,196 പേർ പുരുഷന്മാരും 9,035 പേർ വനിതകളുമാണ്. 69,176 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ അതത് രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ചുവരികയാണ്. 3,392 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. 10,081 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.