കൽപറ്റ-വീഡിയോ കോൾ വഴിയുള്ള ഹണി ട്രാപ്പ് തട്ടിപ്പ് വ്യാപകം. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നു ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ അഭ്യർഥിച്ചു. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ചു ആളുകളുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ കോൾ ചെയ്യുകയും പിന്നീട് വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സ്‌ക്രീൻ റിക്കോർഡ് ചെയ്യുന്ന കാൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങളാണ് വ്യാപകമാവുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിൽ. വ്യാജ സിം കാർഡുകളും സ്ത്രീകളുടെ ഫോട്ടോയും ഉപയോഗിച്ച് ഫേസ് ബുക്കിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും അക്കൗണ്ടുകൾ നിർമിച്ചു ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ആളുകളുമായി ചാറ്റ് ചെയ്യുകയും തുടർന്നു വീഡിയോ കോൾ ചെയ്യുകയുമാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. വീഡിയോ കോളിൽ നഗ്‌നത കാണിച്ചാണ് സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത്. റിക്കാർഡ് ചെയ്യുന്ന വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കുമെന്നും യൂ ട്യൂബിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് സംഘം പണം തട്ടുന്നത്. ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും പരിചയമില്ലാത്തവരുടെ വീഡിയോ കോളുകൾ ഒഴിവാക്കുകയും ചെയ്യുന്നതിനൊപ്പം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശിച്ചു.