Sorry, you need to enable JavaScript to visit this website.

മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ അന്തരിച്ചു

തിരുവനന്തപുരം-മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍(81) അന്തരിച്ചു. സംസ്‌കാരം നാളെ.ഔദ്യോഗിക ജീവിതത്തില്‍ കാര്‍ക്കശ്യവും സര്‍ഗരചനയില്‍ നര്‍മവും പുലര്‍ത്തിയ സി പി നായര്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. ചെല്ലപ്പന്‍ നായരുടെ പുത്രനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിഎ (ഓണേഴ്‌സ്) നേടിയ അദ്ദേഹം 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്.
ഒറ്റപ്പാലം സബ ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.1982 - 87ല്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. കെഇആര്‍ പരിഷ്‌ക്കരണം അടക്കം ഭരണപരിഷ്‌ക്കാര മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കി.
പഠനത്തില്‍ എന്നും മുമ്പിലായിരുന്നു സി.പി. നായര്‍ ആശാന്‍ കളരിയില്‍ നിന്ന് നേരിട്ട് നാലാം ക്ലാസിലാണ് വിദ്യാഭ്യാസം തുടങ്ങിയത്. അക്കാലത്ത് ഡിവിഷണല്‍ ഇന്‍സ്‌പെക്ടര്‍ നടത്തുന്ന എഴുത്തു പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് കളരിയില്‍ നിന്ന് നേരിട്ട് നാലാം ക്ലാസിലെത്താമായിരുന്നു.19-ാം വയസില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷില്‍ ബിഎ (ഓണേഴ്‌സ്) നേടുമ്പോഴും സിപി ഒന്നാമനായിരുന്നു.പിന്നീട് മൂന്നു വര്‍ഷം കോളജ് അധ്യാപകനായി. കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്‌സ് കോളജില്‍ ജോലി ചെയ്തു. തുടര്‍ന്ന് സിവില്‍ സര്‍വീസിലെത്തി. 1962ല്‍ ഒറ്റപ്പാലം സബ് കലക്ടറായി.
ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചു. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിശങ്കര്‍, ഗായത്രി.
 

Latest News